ഇടുക്കി അടിമാലി മണ്ണിടിച്ചിലിൽ വീട് നഷ്ടപ്പെട്ടവരെ സർക്കാർ കൈവിട്ടെന്ന് പരാതി. ദുരന്തബാധിതർക്ക് അനുവദിച്ചു നൽകിയ കെഎസ്ഇബി ക്വാർട്ടേഴ്സിൽ അടിസ്ഥാന സൗകര്യങ്ങളില്ല. ദുരന്തബാധിതർക്ക് അനുവദിച്ച ധനസഹായവും ഇതുവരെ നൽകിയിട്ടില്ല.
മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ 47 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി പാർത്തത്. ഇതിൽ വീട് പൂർണ്ണമായും തകർന്ന എട്ടുകുടുംബങ്ങൾക്ക് കട്ടിപ്പാറ യിലെ കെഎസ്ഇബി ക്വാർട്ടേഴ്സ് വിട്ടു നൽകി. 15000 രൂപ സാമ്പത്തിക സഹായം ഉടൻ നൽകുമെന്നായിരുന്നു ഉറപ്പ്. എന്നാൽ ഉറപ്പുകൾ ഒന്നും പാലിക്കപ്പെട്ടില്ല. ഇവിടെ എത്തിയവർ ചോർന്നിരിക്കുന്ന കെട്ടിടത്തിൽ കടുത്ത ദുരിതത്തിലാണ് കഴിയുന്നത്.
വാടകയ്ക്ക് വീട് കണ്ടെത്തും വരെയുള്ള താൽക്കാലിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എന്നാൽ എന്ന് വാടക വീട്ടിലേക്ക് മാറാൻ കഴിയുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ദേശീയപാത നിർമ്മാണത്തിനായി മണ്ണെടുപ്പ് നടത്തിയതിന് പിന്നാലെയുണ്ടായ ദുരന്തത്തിന് പുനരധിവാസ പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.