idukki-dmk

TOPICS COVERED

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി ശക്തമായ പോരാട്ടം കാഴ്ചവെച്ച് ഇടുക്കിയിൽ വേരുറപ്പിക്കാനുളള ശ്രമത്തിലാണ് ഡിഎംകെ. തമിഴ് തോട്ടം തൊഴിലാളി മേഖലകളിൽ സ്ഥാനാർഥികളെ നിർത്തിയാണ് തിരഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കുക. തമിഴ്നാട്ടിൽ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ പഞ്ചായത്ത് ഭരണം കിട്ടിയാൽ ഇടുക്കിയിലെ തൊഴിലാളികൾക്കും നൽകുമെന്ന വാഗ്ദാനത്തിലൂടെ വോട്ടുകൾ പെട്ടിയിലാക്കാനാണ് ഡിഎംകെയുടെ നീക്കം.

ഇടുക്കിയിലെ തേയിലത്തോട്ടങ്ങൾ വഴി ഉദയസൂര്യന് തിളക്കം കൂട്ടാനുളള തീവ്രശ്രമം. തമിഴ് സ്വാധീനമേഖലകളിലെ തോട്ടം തൊഴിലാളികളിലൂടെ തദ്ദേശ പ്രാതിനിധ്യം, അതുവഴി പാർട്ടിക്ക് കൂടുതൽ വേരോട്ടം. കൃത്യമായ കണക്കുകൂട്ടലോടെയാണ് ഇക്കുറി ഡിഎംകെ കേരള - തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ ഇടതുമുന്നണിക്ക് പിന്തുണയും നൽകിയിരുന്നു. മലയോര മേഖലയിലെ തമിഴ് സ്വാധീന പ്രദേശങ്ങളിൽ കൂടുതൽ വോട്ടുകൾ പെട്ടിയിലാക്കാമെന്നാണ് കണക്കുകൂട്ടൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാമെന്ന ആത്മവിശ്വാസം. പ്രകടനപത്രികയിലുപരി, തമിഴ്നാട്ടിലെ ആനുകൂല്യങ്ങൾ ഇവിടെയുമെത്തുമെന്ന ഉറപ്പിലൂന്നിയാണ് വോട്ടർമാരെ കാണുന്നത് 

മൂന്നാർ, ദേവികുളം, ഉപ്പുതറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ സ്ഥാനാർഥികളെ നിർത്തും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നോടിയായി മുന്നാറിലും ഉപ്പുതറയിലും ഓഫീസുകൾ തുറന്നു. ചിന്നക്കനാലിൽ അഞ്ചും, ഉപ്പുതറയിൽ ആറും വാർഡുകളിൽ സ്ഥാനാർഥികളെ നിർത്തും. മറ്റ് പഞ്ചായത്തുകളിൽ അങ്കത്തിനിറങ്ങുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. 

2015 ലെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പീരുമേട്‌ പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നും എഐഡിഎംകെ സ്ഥാനാർഥിയായ എസ് പ്രവീണ വിജയിച്ച് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. എന്നാൽ ഇതുവരെ ഡിഎംകെക്ക് തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാനായിട്ടില്ല. തദ്ദേശതിരഞ്ഞെടുപ്പ് ഫലം ചൂണ്ടുപലക. ലക്ഷ്യം അടുത്ത നിയമസഭ തിരഞ്ഞെടുപ്പ്. മുന്നണികളുടെ പിന്തുണയില്ലാതെ, ഇടുക്കിൽ നിയമസഭ പോരാട്ടത്തിൽ മുന്നേറ്റമുണ്ടാക്കാനാണ് ഡിഎംകെയുടെ കരുനീക്കം.

ENGLISH SUMMARY:

DMK is focusing on strengthening its base in Idukki during the local body elections. They aim to secure votes by promising to extend Tamil Nadu benefits to the tea plantation workers in the district if they win panchayat governance.