വനാതിർത്തികളിൽ വന്യജീവികളെ തടയാൻ നിർമ്മിച്ചിരിക്കുന്ന സൗരോർജ്ജ വേലികൾ തകരാറിലായാൽ ഇനി കരാറുകാരുടെ സൗകര്യം നോക്കി കാത്തിരിക്കേണ്ട. നന്നാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ മുന്നിട്ടിറങ്ങും. ഇതിനുള്ള ആദ്യഘട്ട സംസ്ഥാനതല പരിശീലനം ഇടുക്കി കുമളിയിൽ വനം വകുപ്പ് ജീവനക്കാർക്ക് നൽകി.
വനത്തിൽ നിന്നും ജനവാസ മേഖലയിലേക്കെത്തുന്ന വന്യജീവികളെ തടയാൻ പ്രധാന മാർഗമാണ് സൗരോർജ വേലികൾ. ഇത്തരം വേലികൾ കാട്ടാനകൾ തകർത്താലും കരാറുകാർ മാസങ്ങൾ വൈകിയാണ് അറ്റകുറ്റപ്പണി തീർക്കാറ്. ഇതിന് പരിഹാരം കാണാനാണ് വനം വകുപ്പ് ജീവനക്കാർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചത്. ആദ്യഘട്ടമായി 1500 പേർക്ക് പരിശീലനം നൽകി. ഇവർ സ്റ്റേഷനിലുള്ള മറ്റു ജീവനക്കാർക്കും പരിശീലനം നൽകും.
കാൽനടയായി പട്രോളിങ് നടത്തി ഫെൻസിങ്ങിലെ തകരാർ കണ്ടെത്തുന്ന പഴയ രീതിക്ക് പകരമായി സിം കാർഡുകളുടെ സഹായത്തോടെയുള്ള സ്മാർട്ട് ഫെൻസിങ് സ്ഥാപിക്കാനും നടപടികളുണ്ട്. നോർത്ത് വയനാട് ഡിവിഷനിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. ഇത് വിജയിച്ചാൽ സംസ്ഥാനമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കും. വനാതിർത്തിയിൽ 4500 കിലോമീറ്റർ വേലികൾ സ്ഥാപിച്ചാൽ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാനാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ 2500 കിലോമീറ്റർ ദൂരത്തിൽ വേലികൾ സ്ഥാപിച്ചിട്ടുണ്ട്. വന്യജീവി ആക്രമണം നേരിടുന്ന കൂടുതൽ പ്രദേശങ്ങളിൽ വൈദ്യുത വേലി സ്ഥാപിക്കാനുള്ള പദ്ധതി വനം വകുപ്പ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.