കാട്ടിൽ തീ വെച്ചു എന്നാരോപിച്ച് ആദിവാസി യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. പാലക്കാട് എലിതരം സ്വദേശി രാധയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് യുവാവ്.
പരാതി പ്രകാരം ഈ മാസം ഏഴാം തീയതിയാണ് ജോലിക്ക് പോകും വഴി രാധയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിൽ കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിച്ചത്.പ്രദേശത്തെ കുറുമ്പാച്ചി മലയിൽ തീവച്ചത് താനാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് പരാതിക്കാരൻ രാധ മാധ്യമങ്ങളോട് പറഞ്ഞു.
കൂലിപ്പണി ഇല്ലാത്ത സമയത്ത് കാട്ടിൽ തേൻ എടുക്കാൻ പോവാറുണ്ടെന്നും പ്രദേശത്ത് തീവെച്ചത് താൻ അല്ലെന്നും രാധ പറഞ്ഞു. മലമ്പുഴ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് പൗരാവകാശ പ്രവർത്തകർ. എന്നാൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. കുറ്റക്കാരായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് പൗരാവകാശ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.