palakkad-temple

പാലക്കാട് ജില്ലയിലെ പൗരാണിക ക്ഷേത്രങ്ങളെ പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യവുമായി മലബാര്‍ ദേവസ്വം ബോര്‍ഡ്.  നാലുകെട്ട് ക്ഷേത്രങ്ങള്‍ക്കും കാനന തീര്‍ഥാടനം നടക്കുന്ന ക്ഷേത്രങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നാണ് ആവശ്യം.

പൗരാണിക പ്രൗഢിയും ഐതിഹ്യവും പേറുന്ന നിരവധി ക്ഷേത്രങ്ങളാണ് പാലക്കാട് ജില്ലയിലുള്ളത്. പലതും നാലുകെട്ട് മാതൃകയിലുള്ളത്. കാനന തീര്‍ഥാടനം നടക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. എന്നാല്‍, മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ഇവയില്‍ പലതും കൃത്യമായ വരുമാനമോ നവീകരണമോ ഇല്ലാതെ തകര്‍ച്ചയുടെ വക്കിലാണ്. ഇത്തരം പത്ത് ക്ഷേത്രങ്ങള്‍ തിരഞ്ഞെടുത്ത് അത് പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമാക്കണമെന്ന് സാംസ്കാരിക വകുപ്പിനോട് ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ് ദേവസ്വം ബോര്‍ഡ്.

പൊരുതല്‍മലകയറ്റം കൊണ്ട് ശ്രദ്ധേയമായ പഞ്ചപാണ്ഡവരുടെ ഐതിഹ്യമുള്ള തിരുവിഴാംകുന്ന് മുതലൂര്‍ സുബ്രഹ്മണ്യ ക്ഷേത്രങ്ങളാണ് ഇതിലൊന്ന്. പന്തിരുകുലത്തിന്‍റെ ഓര്‍മയില്‍ മലകയറ്റം നടക്കുന്ന രായിരനെല്ലൂര്‍ ദുര്‍ഗാദേവി ക്ഷേത്രം, കടമ്പഴിപ്പുറം വായില്യാംകുന്ന് ഭഗവതി ക്ഷേത്രം, അട്ടപ്പാടി മല്ലീശ്വര ക്ഷേത്രം എന്നിവയും ഈ പട്ടികയിലുണ്ട്. ഭാരതപ്പുഴയോട് ചേര്‍ന്ന ഒറ്റപ്പാലം പൂഴിക്കുന്ന് ക്ഷേത്രവും കോട്ടായി ചെമ്പൈ സ്മാരകങ്ങളും ഇതിലേക്ക് പരിഗണിക്കണമെന്നാണ് ആവശ്യം. ടൂറിസം വളര്‍ച്ചയ്ക്കും ക്ഷേത്രങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന നര്‍ദേശമാണ് ദേവസ്വം ബോര്‍ഡ് മുന്നോട്ടുവച്ചിട്ടുള്ളത്.

ENGLISH SUMMARY:

The Malabar Devaswom Board has urged the Cultural Affairs Department to include ancient temples in Palakkad district under the state's heritage tourism project to ensure their conservation. Many of these historic shrines, featuring unique Nalukettu architecture and forest pilgrimage traditions, are currently facing dilapidation due to a lack of steady income and renovation. The board plans to submit a list of ten prominent shrines, including Rayiranellur Durga Devi Temple, Thiruvizhamkunnu Muthaloor Subrahmanya Temple, Attappadi Malleswara Temple, and the Chembai Memorials in Kottayi. Authorities believe this initiative will simultaneously boost regional tourism and preserve Palakkad's rich architectural and mythological legacy.