ശിശുസൗഹൃദ സംസ്ഥാനമെന്ന് കേരളം ഇപ്പോഴും അവകാശപ്പെടുമ്പോഴും ഇടുക്കി വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയെ ആരും മറന്നുകാണില്ല. ക്രൂര പീഡനത്തിനിരയാക്കി ആ പിഞ്ചോമനയെ കൊലപ്പെടുത്തിയ പ്രതിയെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയ യുവാവിനെ കോടതി പിന്നീട് വെറുതെ വിട്ടു.സംഭവം നടന്ന് നാലുവർഷങ്ങൾക്കിപ്പുറവും അതിജീവിതയ്ക്കോ കുടുംബത്തിനോ ഇതുവരെ നീതികിട്ടിയിട്ടില്ല. ചേർത്തുപിടിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും പാഴായി.
2021 ജൂൺ 30 ആയിരുന്നു ആ കറുത്ത ദിനം. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിനുള്ളിൽ ഒരു കുഞ്ഞു ജീവൻ പിടഞ്ഞൊടുങ്ങി.തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയുടെ മരണം കൊലപാതകം എന്ന് സ്ഥിരീകരിച്ചു. അയൽവാസിയായ യുവാവാണ് പ്രതിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. രണ്ടുവർഷം നീണ്ട വിചാരണ ക്ക് ഒടുവിൽ 2023 ഡിസംബർ 14 തെളിവുകളുടെ അഭാവം കാരണം പ്രതി എന്ന് കണ്ടെത്തിയ യുവാവിനെ കോടതി വെറുതെ വിട്ടു.
പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി . എന്നാൽ സർക്കാർ പ്രോസിക്യൂഷനെ നിയമിക്കാത്തതാണ് പ്രതിസന്ധി.കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കും പാഴായി.
കോടതി വെറുതെ വിട്ട യുവാവിന്‍റെ സിപിഎം രാഷ്ട്രീയ സ്വാധീനം നേരത്തെ ചർച്ചയായിരുന്നു. പ്രോസിക്യൂഷനെ നിയമിക്കുന്നതിലെ നടപടികൾ വൈകുന്നതിലും രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നാണ് ആരോപണം . ഇനി വേണ്ടത് ഒരുത്തരം മാത്രം. പൊലീസ് കണ്ടെത്തിയ ആളല്ല പ്രതിയെങ്കിൽ, ആരാണ് ആ കുരുന്നിനെ ഇല്ലാതാക്കിയത് ?