ഇടുക്കിയുടെ മലയോരമേഖലയെ ആശങ്കയിലാക്കി വീണ്ടും കാട്ടാന ആക്രമണം. തുളസിപ്പടിയിലിറങ്ങിയ കാട്ടാനക്കുട്ടമുണ്ടാക്കിയത് വ്യാപക കൃഷി നാശം. അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധിക്കാനൊരുങ്ങി കർഷകർ.
കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ മുരിക്കാട്ടുകുടിയിലിറങ്ങിയ കാട്ടാനകളെ നാട്ടുകാർ പടക്കം പൊട്ടിച്ച് വനത്തിലേക്ക് തുരത്തി. എന്നാൽ ആനകൾ 11 മണിയോടെ തുളസിപ്പടിയിലെ ജനവാസ മേഖലയിൽ ഇറങ്ങുകയും പ്ലാവ്, വാഴ, ഏലം തുടങ്ങിയ കൃഷികൾ നശിപ്പിക്കുകയും ചെയ്‌തു. ലക്ഷങ്ങളുടെ കൃഷിനാശം ഉണ്ടായതിന്റെ ആശങ്കയിലാണ് കർഷകർ
ഒരാഴ്ച മുൻപും മേഖലയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചിരുന്നു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പുലർച്ചെ വനംവകുപ്പ് സംഘമെത്തിയാണ് ആനകളെ തുരത്തിയത്. കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാൻ പട്രോളിങ് ശക്തമാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.