സങ്കീർണ ഹൃദയ ശസ്ത്രക്രിയയിലൂടെ രോഗമുക്തി നേടിയ ഉഗാണ്ടയിൽ നിന്നുള്ള ഒരുവയസ്സുകാരിയെ വരവേറ്റ് ഗെറ്റോ കിഡ്സ്. റൗദ അമീറ കിബോനെക്കയുടെ രോഗമുക്തി ആഘോഷമാക്കിയത് ലോകകപ്പ് വേദികളിൽ വരെ ചുവടുവച്ച കുട്ടിനർത്തകരാണ്. ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു അതിസങ്കീർണ ശസ്ത്രക്രിയ.
കേരളത്തിൽ നിന്ന് ചികിത്സ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ റൗദയെ ആഘോഷപൂർവമാണ് ഗെറ്റോ കിഡ്സ് സംഘം വരവേറ്റത്. വലിയ ബാനറുകൾ ഉയർത്തിയും സമ്മാനങ്ങൾ നൽകിയും സ്വീകരിച്ചു. ഈ ദൃശ്യങ്ങൾ ഗെറ്റോ കിഡ്സ് സോഷ്യൽ മീഡിയ അക്കൗണ്ടിലും പോസ്റ്റ് ചെയ്തു
ജന്മനാ ഹൃദയത്തിന്റെ അറകൾക്കിടയിലുള്ള സുഷിരവും വാൽവിലുണ്ടായ ചോർച്ചയും മൂലം കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് റൗദ നേരിട്ടിരുന്നത്. വളർച്ചാ മുരടിപ്പ്, ഇടയ്ക്കിടെയുള്ള പനി, ജലദോഷം, ശരിയായ രീതിയിൽ പാലുകുടിക്കാൻ സാധിക്കാത്ത അവസ്ഥ, പ്രതിരോധശേഷിക്കുറവ് എന്നിവ കാരണം കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിലായിരുന്നു. ഇതോടെയാണ് തങ്ങളുടെ ഫൗണ്ടേഷൻ അംഗമായ കുഞ്ഞിന്റെ കുടുംബത്തിന് കൈത്താങ്ങായി ഗെറ്റോ കിഡ്സ് മുന്നോട്ടുവന്നതും രാജഗിരി ആശുപത്രിയിൽ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തത്.
പീഡിയാട്രിക് കാർഡിയോളജി, കാർഡിയാക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാരാണ് റൗദയുടെ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മുസ്തഫ ജനീലിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് ചികിത്സ നടത്തിയത്. റൗദയുടെ സാന്നിധ്യത്തിലായിരുന്നു ആശുപത്രിയിൽ ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള കേക്ക് മിക്സിങ്.
ആഗോളതലത്തിൽ നടപ്പാക്കുന്ന കുട്ടികളുടെ ഹൃദയശസ്ത്രക്രിയ പദ്ധതിയായ 'മിഷൻ ഫോർ ലിറ്റിൽ ഹാർട്ട്സിന്റെ' ഭാഗമായാണ് റൗദയുടെ ചികിത്സ രാജഗിരിയിൽ നിർവ്വഹിച്ചതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി വ്യക്തമാക്കി.