നേപ്പാളിൽ നിന്നുള്ള പതിനേഴുകാരന് അതിസങ്കീർണ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തി ആലുവ രാജഗിരി ആശുപത്രിയും മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷനും. വയനാട്ടിൽ നിന്ന് മുൻ കൽപ്പറ്റ എംഎൽഎ സി.കെ ശശീന്ദ്രനാണ് ബിക്രം എന്ന പതിനേഴുകാരനെ മമ്മൂട്ടിയുടെ അരികിൽ എത്തിച്ചത്. 

വയനാടൻ ചുരമിറങ്ങി സി.കെ ശശീന്ദ്രൻ വന്നത് ബിക്രത്തിന്‍റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനാണ്. വോളിബോളിനെ ഇഷ്ടപ്പെടുന്ന പതിനേഴുകാരൻ. രോഗം മൂലം എട്ടാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. മൂന്നുവർഷം മുൻപ് ശശീന്ദ്രന്‍റെ ഫാമില്‍ ജോലിക്ക് എത്തിയ ദല്ലോ സൗദിന്‍റെ മകനാണ്. കുട്ടിയുടെ രോഗാവസ്‌ഥയെപ്പറ്റി മനസിലാക്കിയ ശശീന്ദ്രനാണ് തുടർ ചികിത്സകൾക്കായി സഹായം തേടി മമ്മൂട്ടിക്ക് അരികിൽ എത്തിയത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ നൽകി. മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരമായിരുന്നു സൗജന്യ  ചികിത്സ .   

പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീലിനെയാണ് ബിക്രവും പിതാവും കണ്ടത്.  തുടർന്ന് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ് വെങ്കിടേശ്വരന്‍റെ നേതൃത്വത്തിൽ അതിസങ്കീർണ ശസ്ത്രക്രിയ. ധമനിയിലെ സുഷിരം സുരക്ഷിതമായി അടച്ചു. ഒരാഴ്ച നീണ്ട  ആശുപത്രി വാസത്തിനൊടുവിൽ ബിക്രമിനെ തിരികെ വയനാട്ടിലേക്ക് കൊണ്ടുപോകാൻ സി.കെ ശശീന്ദ്രനും എത്തിയിരുന്നു. 

ENGLISH SUMMARY:

Mammootty free heart surgery provided new hope to a seventeen-year-old Nepali boy at Rajagiri Hospital through the Care and Share International Foundation. The successful pediatric cardiac procedure was completed under the Hrudyam project, restoring the young volleyball enthusiast's health.