മമ്മൂട്ടിക്കൊപ്പം ധനുഷും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തിയ ഒ.എം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മറ്റൊരു സൂപ്പര്‍ ഹിറ്റ് സൃഷ്ടിക്കുകയാണ്. രാജ്കുമാര്‍ പെരിയ സ്വാമി സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിനു പിന്നാലെ, ധനുഷിനെക്കുറിച്ച് മക്കളായ യാത്രയും ലിംഗയും പങ്കുവെച്ച് വാക്കുകള്‍ ആരാധകരുടെ മനംകവരുകയാണ്.
സിഎൻഎൻ-ന്യൂസ്18 ഇന്ത്യൻ ഓഫ് ദ ഇയർ 2026 പുരസ്കാര വേദിയിൽ ധനുഷിനൊപ്പം മക്കള്‍ ഇരുവരും എത്തിയത്. അച്ഛന്റെ സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന അവതാരകന്റെ ചോദ്യത്തിന്, ഒരു പ്രത്യേക ചിത്രം തിരഞ്ഞെടുക്കാൻ കഴിയില്ലെന്നായിരുന്നു ഇരുവരുടെയും മറുപടി.
'അദ്ദേഹം അഭിനയിക്കുന്ന ഏത് സിനിമയും എനിക്കിഷ്ടമാണ്. സ്ക്രീനില്‍ അച്ഛനെ കാണുന്നത് വലിയ സന്തോഷമാണ്. ഏതു രീതിയിലായാലും എനിക്ക് അച്ഛനെ ഇഷ്ടമാണ്', മൂത്ത മകന്‍ യാത്ര വ്യക്തമാക്കി. 'ഒരു സിനിമ തിരഞ്ഞെടുക്കാൻ കഴിയില്ല, ഒരുപാടുണ്ട്. അദ്ദേഹം ഏത് വേഷത്തിൽ വന്നാലും എനിക്ക് വലിയ ഇഷ്ടമാണ്', ലിംഗയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. പുതിയ ചിത്രമായ 'ഓം' തിയേറ്ററിൽ കാണാൻ കാത്തിരിക്കുകയാണെന്നും ലിംഗ കൂട്ടിച്ചേർത്തു. മക്കളുടെ മറുപടി കേട്ട് വേദിയില്‍ പുഞ്ചിരിച്ച ധനുഷ് പ്രതികരിച്ചു, 'എന്നെപ്പോലെ തന്നെ ഇവരും നാണംകുണുങ്ങികളാണ്'.
പുരസ്കാരം സ്വീകരിച്ച ശേഷം ധനുഷ് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമായി. താൻ ഒരു ഷെഫാകാൻ ആഗ്രഹിച്ചിരുന്നയാളാണെന്നും അപ്രതീക്ഷിതമായാണ് സിനിമയിലേക്ക് എത്തിയതെന്നും ഓർമ്മിച്ചു. 'ഒരു ഷെഫാകാൻ ആഗ്രഹിച്ച ഒരാളെ സംബന്ധിച്ച് ഇത് മോശമല്ല, അല്ലേ? ദൈവത്തിന് എപ്പോഴും മെച്ചപ്പെട്ട ഒരു പദ്ധതിയുണ്ടാകും. മാതാപിതാക്കളുടെ പ്രാർത്ഥനയും ആരാധകരുടെ പിന്തുണയും മഹാദേവന്റെ അനുഗ്രഹവും കൊണ്ടാണ് ഇതെല്ലാം സാധ്യമാകുന്നത്. അടുത്ത വർഷം സിനിമയിൽ എന്റെ 25-ാം വർഷമാണ്. ഈ അംഗീകാരം കേക്കിന് മുകളിലെ ചെറി പോലെയാണ്', ധനുഷ് പറഞ്ഞു. 25 വർഷത്തെ യാത്രയ്ക്കിടയിൽ നിരവധി പുരസ്കാരങ്ങൾക്കൊപ്പം കുറച്ച് നരച്ച മുടികളും സമ്മാനമായി ലഭിച്ചുവെന്ന് അദ്ദേഹം തമാശരൂപേണ കൂട്ടിച്ചേർത്തു.
മക്കളുമായി വളരെ അടുത്ത സൗഹൃദമാണ് പുലർത്തുന്നതെന്നും തിരക്കുകൾക്കിടയിലും അവർക്കൊപ്പം സമയം ചെലവഴിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും ധനുഷ് നേരത്തെ തന്നെ അഭിമുഖങ്ങളിലൂടൊക്കെ വ്യക്തമാക്കിയിട്ടുണ്ട്. 2002 ല്‍ 'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തിലൂടെയാണ് ധനുഷ് വെള്ളിത്തിരയില്‍ കരിയര്‍ ആരംഭിക്കുന്നത്. 2004-ലായിരുന്നു ധനുഷും ഐശ്വര്യ രജനികാന്തും വിവാഹിതരായത്. 2006-ൽ യാത്രയും 2010-ൽ ലിംഗയും ജനിച്ചു. 2022 ജനുവരിയിൽ വേർപിരിയൽ പ്രഖ്യാപിച്ച ഇരുവരും 2024 നവംബറില്‍ നിയമപരമായി വിവാഹമോചിതരായി.