മാനസികാസ്വസ്ഥ്യമുള്ള യുവാവിന് തുണയായി കൊച്ചി മുളവുകാട് പൊലീസ്. മഹാരാഷ്ട്ര സ്വദേശിയായ യുവാവിന് ചികിത്സ നല്‍കിയതിനൊപ്പം ബന്ധുക്കളെ കണ്ടെത്തി തിരികെ എല്‍പ്പിച്ചു. നാലു വര്‍ഷം മുന്‍പാണ് യുവാവ് കേരളത്തിലെത്തിയത്.
ഒരു ദിവസം ഭക്ഷണം ചോദിച്ചാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് മുളവുകാട് പൊലീസ് സ്റ്റേഷനിലെത്തുന്നത്. പൊലീസുകാര്‍ ഭക്ഷണം നല്‍കി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചപ്പോള്‍ പരസ്പരബന്ധമില്ലാതെയുള്ള മറുപടി മാത്രം. പിന്നീട് അയാള്‍ വിശക്കുമ്പോളെല്ലാം മുളവുകാട് സ്റ്റേഷനിലേക്ക് എത്തി. അങ്ങനെ പൊലീസുകാരുമായി അടുത്തു. കൂടുതല്‍ സംസാരിച്ചതോടെ മറവിയില്‍ അലിയാത്ത ചില കാര്യങ്ങള്‍ അയാള്‍ പൊലീസിനോടു പറഞ്ഞു. മഹാരാഷ്ട്രയാണ് സ്വദേശമെന്നും എം. ടെക് ബിരുധധാരിയാണെന്നും രാജ്യത്തെ പ്രമുഖ വാഹന നിര്‍മാണ കമ്പനിയില്‍ ജോലിയുണ്ടായിരുന്നെന്നും ഓര്‍ത്തെടുത്തു. ഒറ്റപ്പെട്ടു പോയ നിമിഷത്തിലെങ്ങോ മനസിന് താളം തെറ്റി, നാടുകള്‍ പലതലഞ്ഞാണ് കേരളത്തിലെത്തിയത്.
യുവാവ് പഠിച്ച കോളജിന്‍റെ പേര് പറഞ്ഞതില്‍ നിന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ഒടുവില്‍ ബന്ധുക്കളെ കണ്ടെത്തി. ഇതിനിടയില്‍ കൃത്യമായ ചികിത്സയും നല്‍കിയെന്ന് മുളവുകാട് എസ്ഐ തോമസ് പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലെത്തിയ യുവാവിന്‍റെ ബന്ധുക്കള്‍ യുവാവിനെ കണ്ട് മനസു നിറഞ്ഞു. കരുതലായും കാവലായും നിന്ന കേരള പൊലീസിന് നന്ദി പറഞ്ഞാണ് യുവാവിന്‍റെ കുടുംബം മടങ്ങിയത്.