kochi-lifejacket

കൊച്ചി അഴിമുഖത്തും കായലിലും ലൈഫ് ജാക്കറ്റില്ലാതെ വിനോദസഞ്ചാരികളുടെ ബോട്ട് യാത്ര. തീരദേശ പൊലീസിനെ നോക്കുകുത്തിയാക്കിയാണ് അപകടകരമായ രീതിയില്‍ ബോട്ടുകൾ സർവീസ് നടത്തുന്നത്.  

കാലവർഷം ശക്തമായതോടെ കായലിലെ അടിയൊഴുക്ക് വർധിച്ചിരിക്കെയാണ് വിനോദസഞ്ചാരികളുമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ബോട്ട് യാത്ര. യുവാക്കളും കുട്ടികളും ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളാണ് ലൈഫ് ജാക്കറ്റ് ധരിക്കാതെ ബോട്ടുകളിൽ യാത്ര ചെയ്യുന്നത്. ഇൻബോർഡ് എൻജിനുകളുള്ള ചെറുതും വലുതുമായ ടൂറിസ്റ്റ് ബോട്ടുകളിലാണ് യാത്ര. ചരക്ക് കപ്പലുകളും, മെട്രോ ബോട്ടുകളും മത്സ്യബന്ധന യാനങ്ങളും ഉൾപ്പെടെ ഒരേസമയം സഞ്ചരിക്കുന്ന മേഖലയിലാണിത്. കൊച്ചി കായലിലും, വേമ്പനാട്ടുകായലിലും അഴിമുഖത്തുമാണ് ഇത്തരം അപകട യാത്രകൾ. കൊച്ചി തീരദേശ പൊലീസ് ആസ്ഥാനത്തിന് മുന്നിലൂടെയാണ് ബോട്ടുകൾ സഞ്ചരിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ഏകദേശം 200-ഓളം ബോട്ടുകളാണ് കൊച്ചി കായലിൽ വിനോദസഞ്ചാരികളുമായി സർവീസ് നടത്തുന്നത്. ഈ സാഹചര്യത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കണമെന്നും, ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള നിർബന്ധിത സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

ENGLISH SUMMARY:

Kochi backwater boat tours are being conducted without life jackets, posing a significant risk to tourists during the monsoon season. Despite the presence of coastal police, these unsafe practices continue, highlighting a severe lapse in tourist safety regulations.