kochi-marine-drive-flat-car-parking-fire-accident-samudharsan-apartment
  • പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്.
  • സമയബന്ധിതമായി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി
  • കറുത്ത പുകയും പ്ലാസ്റ്റിക് കത്തുന്ന രൂക്ഷമായ ഗന്ധവും ഉയർന്നത് പ്രദേശത്ത് ആശങ്ക പരത്തി

കൊച്ചി മറൈൻ ഡ്രൈവിനു സമീപമുള്ള അപ്പാർട്ട്മെന്റിന്റെ കാർ പാർക്കിങ്ങിൽ തീപിടുത്തം. ഫ്ലാറ്റിന്റെ താഴത്തെ നിലയിലെ പാർക്കിങ് കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. ആളപായമില്ല.

വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മറൈൻ ഡ്രൈവ് സമുദ്രദർശൻ അപ്പാർട്ട്മെന്റിന്റെ താഴത്തെ നിലയിലുള്ള കാർ പാർക്കിങ്ങിലാണ് തീപിടുത്തമുണ്ടായത്. പാർക്കിങ് കേന്ദ്രത്തിൽ നിന്ന് വലിയ രീതിയിൽ കറുത്ത പുകയും പ്ലാസ്റ്റിക് കത്തുന്ന രൂക്ഷമായ ഗന്ധവും ഉയർന്നത് പ്രദേശത്ത് ആശങ്ക പരത്തി. വിവരമറിഞ്ഞ് ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ നിന്ന് നാല് യൂണിറ്റ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി.

തുടർന്ന് ഓക്സിജൻ മാസ്കുകൾ ധരിച്ച് ഉദ്യോഗസ്ഥർ പാർക്കിങ്ങിനുള്ളിലേക്ക് പ്രവേശിക്കുകയും വേഗത്തിൽ തന്നെ തീ അണയ്ക്കുകയും ചെയ്തു. ഫ്ലാറ്റിന് മുകളിലത്തെ നിലകളിൽ നിരവധി കുടുംബങ്ങളും താഴത്തെ നിലകളിൽ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. അവധിവേളയായതിനാൽ മറൈൻ ഡ്രൈവിലും സുഭാഷ് പാർക്കില്‍ എത്തിയവരും സംഭവസ്ഥലത്ത് തടിച്ചുകൂടി.

തീ പൂർണ്ണമായും അണച്ചെങ്കിലും പാർക്കിങ്ങിനുള്ളിൽ കറുത്ത പുക പൂർണ്ണമായി പുറന്തള്ളാൻ ഗാന്ധിനഗർ സ്റ്റേഷനിൽ നിന്ന് പ്രത്യേക ബ്ലോവർ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പുക പൂർണ്ണമായി മാറ്റിയ ശേഷമേ മറ്റ് കാറുകളിലേക്കും മറ്റും തീ പടർന്നിട്ടുണ്ടോ എന്നതടക്കമുള്ള കൂടുതൽ നാശനഷ്ടങ്ങളുടെ വിവരങ്ങൾ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിയന്ത്രിച്ചു വരുന്നു.

ENGLISH SUMMARY:

A sudden fire broke out in the ground-floor car parking area of the Samudharsan Apartment complex near Marine Drive in Kochi on Sunday evening. Four fire tender units from the Gandhi Nagar station rushed to the scene and successfully brought the blaze under control, preventing any casualties. Thick black smoke and a strong burning odor originating from the parking lot caused temporary panic among residents and weekend visitors in the area. Firefighters used oxygen masks to enter the premises and are currently utilizing special blowers to clear the residual smoke before assessing the full extent of vehicle damage.