ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) അന്താരാഷ്ട്ര പുറപ്പെടൽ ടെർമിനലിന് പുറത്ത് മുലയൂട്ടലിനും ശിശുപരിപാലനത്തിനുമായി 'കുകൂൺ ലാക്ടേഷൻ പോഡ്' പ്രവർത്തനം ആരംഭിച്ചു. 'സിമാർ – ദ വുമൺസ് ഹോസ്പിറ്റലി'ന്റെയും 'അവർ ഇകിഗായ് ഫൗണ്ടേഷന്റെ'യും സഹകരണത്തോടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. മുലയൂട്ടുന്ന അമ്മമാർക്ക് സ്വകാര്യതയും സുരക്ഷയും ശുചിത്വവും ഉറപ്പാക്കി കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനും ഒപ്പം ശിശുപരിപാലനത്തിനുമായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ പോഡ്.
സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്. ലാക്ടേഷൻ പോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സിമാർ സി.ഇ.ഒ.യും ഡയറക്ടറുമായ ഗോകുൽ ഗോപിനാഥ്, സിമാർ കൊച്ചി മെഡിക്കൽ സൂപ്രണ്ട് ഡോ. മീനു ബത്ര പരശുറാം എന്നിവർക്കൊപ്പം സിയാൽ, സിമാർ, അവർ ഇകിഗായ് ഫൗണ്ടേഷൻ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
യാത്രക്കാരുടെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള സിയാലിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ലാക്ടേഷൻ പോഡ് ഒരുക്കിയിരിക്കുന്നത്. നിലവിൽ സിയാൽ ടെർമിനലുകൾക്കുള്ളിൽ ശിശുക്കളുമായി യാത്ര ചെയ്യുന്ന അമ്മമാർക്കായി നാല് പ്രത്യേക ഫീഡിങ് മുറികൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പുതിയ ലാക്ടേഷൻ പോഡ് അന്താരാഷ്ട്ര പുറപ്പെടൽ ടെർമിനലിന് പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ യാത്രക്കാരെ അനുഗമിച്ചെത്തുന്ന കുടുംബാംഗങ്ങൾക്കും സന്ദർശകർക്കും ടെർമിനലിനുള്ളിൽ പ്രവേശിക്കാതെ തന്നെ ഈ സൗകര്യം ഉപയോഗപ്പെടുത്താനാകും.