കൊച്ചിയില്‍ ഗുണ്ടാ ഷോ പതിവാക്കിയ സ്വകാര്യ ബസ് ജീവനക്കാരനെതിരെ കാപ്പ ചുമത്തും. ജില്ലാ കലക്ടര്‍ക്ക് പൊലീസ് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും. കുമ്പളം ടോള്‍ പ്ലാസയില്‍ മറ്റൊരു ബസ് ജീവനക്കാരന്‍ നടത്തിയ പരാക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇടപ്പള്ളിയില്‍ ക്ലീനറുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നടുറോഡില്‍ ബസ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിപ്പോയി. ബസ് ജീവനക്കാര്‍ ഉള്‍പ്പെട്ട അക്രമസംഭവങ്ങള്‍ തുടര്‍ച്ചയായ സാഹചര്യത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ വൈകീട്ട് യോഗം വിളിച്ചു.
കലൂര്‍ ദേശാഭിമാനി ജംഗ്‌ഷന് സമീപം പ്രവാസി മലയാളിയുടെ കാര്‍ തടഞ്ഞു വധഭീഷണി മുഴക്കുകയും അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിലെ എഎസ്ഐയെ ആക്രമിച്ചു പരുക്കേല്‍പിക്കുകയും ചെയ്ത സ്വകാര്യ ബസ് ജീവനക്കാരന്‍ മുഹമ്മദ് അന്‍സാറിനെതിരെയാണ് കാപ്പ ചുമത്താന്‍ നീക്കം. സ്ഥിരം പ്രശ്നക്കാരനായ മുഹമ്മദ് അന്‍സാര്‍ മോഷണം അടക്കം ഏഴ് കേസുകളില്‍ പ്രതിയാണ്. പൊലുകാരനെ ആക്രമിച്ച കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു. കുമ്പളം ടോള്‍ പ്ലാസയില്‍ ഇന്നലെ വൈകീട്ട് സ്വകാര്യ ബസ് ജീവനക്കാരന്‍ ടോള്‍ ജീവനക്കാരനെ അസഭ്യം പറയുകയും ടോള്‍ ബാരിയര്‍ ഒടിച്ചു മാറ്റി ബസ് കടത്തിവിടുകയും ചെയ്തതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
എറണാകുളത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന സുല്‍ത്താന്‍ ബസിലെ ജീവനക്കാരനാണ് ഗുണ്ടായിസം കാണിച്ചത്. ടോള്‍ പ്ലാസ നടത്തിപ്പുകാര്‍ പൊലീസില്‍ പരാതി നല്‍കി. സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. കളമശേരി–തേവര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്‍റെ ഡ്രൈവറാണ് ക്ലീനറുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഇടപ്പള്ളി ജംഗ്‌ഷന് സമീപം നടുറോഡില്‍ ബസ് നിര്‍ത്തി ഇറങ്ങിപ്പോയത്. ഇതോടെ ഗതാഗതക്കുരുക്കുണ്ടായി.