aiimage

ഇൻഫോപാർക്കിന് സമീപത്തെ വില്ലകളിൽ അർധരാത്രി ബൈക്കിന്റെ അമിതശബ്ദം ഉണ്ടാക്കി നാടിന്റെ ഉറക്കം കെടുത്തിയ യുവാവിനെതിരെ മോട്ടർ വാഹന വകുപ്പിന്റെ കടുത്ത നടപടി. കളമശേരിയിലെ സ്റ്റാർട്ട്അപ് കമ്പനി ജീവനക്കാരനായ യുവാവാണ് സ്ഥിരമായി രാത്രികാലങ്ങളില്‍ അമിതശബ്ദം പുറപ്പെടുവിച്ച് ശല്യം സൃഷ്ടിച്ചിരുന്നത്. യുവാവിന്‍റെ ബൈക്ക് എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുക്കുകയും 7,000 രൂപ പിഴ ചുമത്തുകയും ചെയ്തു. 

അയൽക്കാർ ഉറങ്ങുന്ന സമയത്താണ് യുവാവ് ജോലി കഴിഞ്ഞെത്തുന്നത്. 500 മീറ്റർ ദൂരെ നിന്നേ ഇയാളുടെ ബൈക്കിന്റെ ഇടിമുഴക്കം പോലുള്ള ശബ്ദം കേൾക്കാമെന്ന് താമസക്കാർ പറയുന്നു. അര്‍ധരാത്രി വീട്ടിലെത്തുന്ന യുവാവ് പിന്നീട് ഭക്ഷണം കഴിക്കാനായി വീണ്ടും ഉയർന്ന ശബ്ദത്തിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പുറത്തുപോകുന്നത് പതിവാക്കിയിരുന്നു. സൈലൻസർ രൂപമാറ്റം വരുത്തിയ ബൈക്കിന്റെ ഇടിമുഴക്കം പോലുള്ള ശബ്ദം കാരണം പരിസരവാസികൾക്ക് ഉറങ്ങാൻ കഴിയാത്ത അവസ്ഥയായി. ശല്യം അസഹ്യമായതോടെ നാട്ടിലെ മുതിർന്ന പൗരൻമാർ എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്കിന് പരാതി നൽകി.

അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മുഹമ്മദ് നിയാസ്, വി. കശ്യപ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കളമശേരിയിലെ ഓഫീസിൽ വെച്ചാണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്. അനാവശ്യമായി സൈലൻസർ രൂപമാറ്റം വരുത്തിയതിനാണ് പിഴ. സൈലൻസർ പഴയപടിയാക്കി ആർടിഒ ഓഫിസിൽ ഹാജരാക്കാനും, എംവിഡിയുടെ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും യുവാവിന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

strict action taken by the Motor Vehicles Department against a youth in Kerala for causing a disturbance with his excessively noisy motorbike. The individual, employed at a startup in Kalamassery, had been habitually creating loud noise late at night, disrupting the sleep of residents near Infopark.