മുഖ്യമന്ത്രിയുടെ പൂക്കി ചിരിക്ക് വഴിവെച്ച, യുഡിഎഫ് സര്‍ക്കാരിന്റെ വാഹന മോഡിഫിക്കേഷന് വാഗ്ദാനത്തില്‍ എന്തെല്ലാം മോഡിഫിക്കേഷന് ഉള്‍പ്പെടുമെന്ന് ഇനി മുഖ്യമന്ത്രിയോ ഗതാഗതമന്ത്രിയോ മാത്രമല്ല തീരുമാനിക്കുക. മോഡിഫിക്കേഷന് വേണ്ടി കാത്തിരിക്കുന്ന ആര്‍ക്കും അഭിപ്രായം പറയാം. മോഡിഫിക്കേഷനെ എതിര്‍ക്കുന്നവര്‍ക്കും സ്വാഗതം. മോഡിഫിക്കേഷന് എങ്ങിനെ നടപ്പാക്കണമെന്ന് അറിയാന്‍ സര്‍വേയുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.
എന്തെല്ലാം മോഡിഫിക്കേഷന് ആഗ്രഹിക്കുന്നുവെന്ന് വാഹന ഉടമകള്‍ക്ക് അഭിപ്രായം പറയാം. മോഡിഫിക്കേഷന് അനുവദിക്കുന്നതിന് ഫീസ് അടക്കാന്‍ തയാറാണോയെന്നും ചോദ്യം. സര്‍വേയിലെ അഭിപ്രായങ്ങള്‍ പരിഗണിച്ച് അന്തിമ ഉത്തരവിറിക്കും. ഇതിനായുള്ള ഗൂഗിള്‍ ഫോം വഴിയുള്ള സര്‍വേ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ ലഭിക്കും. നമ്മുടെ പേര് വിവരങ്ങളൊക്കെ നല്കി തുടങ്ങുന്ന സര്‍വേയില്‍ എന്ത് തരം മോഡിഫിക്കേഷനാണ് ആഗ്രഹിക്കുന്നതെന്നതാണ് പ്രധാന ചോദ്യം.
ബോഡിയില്‍ വരുത്തുന്ന മാറ്റങ്ങള്‍, എന്‍ജിനില്‍ വരുത്തുന്ന മാറ്റങ്ങള്‍, ബ്രേക്ക് സിസ്റ്റം പൊളിച്ചെഴുതുന്നത്, ആകര്‍ഷകമായ ലൈറ്റുകള്‍, കാതടിപ്പിക്കുന്ന ശബ്ദമുള്ള സ്പീക്കറുകള്‍ തുടങ്ങി ഒന്‍പത് തരം മോഡിഫിക്കേഷനേക്കുറിച്ചാണ് ചോദ്യങ്ങളുള്ളത്. അതില്‍ ഏത് വേണമെങ്കിലും നമുക്ക് ആവശ്യപ്പെടാം. ഇനി അതല്ലാതെ മറ്റെന്തെങ്കിലും വേണമെങ്കില്‍ അതിനേക്കുറിച്ചും എഴുതാം. ഈ മാറ്റങ്ങള്‍ വെറുതേ ആവശ്യപ്പെട്ടതുകൊണ്ട് കാര്യം കഴിഞ്ഞില്ല. ഏത് റോഡിലാണ് ഇത്തരം മാറ്റങ്ങള്‍ വരുത്തി വണ്ടിയോടിക്കാന്‍ ആഗ്രഹിക്കുന്നത്? ഈ മാറ്റങ്ങള്‍ വണ്ടിയുടെ ഇന്ഷൂറന്സിനെയോ സുരക്ഷയേയോ ബാധിക്കുമോ പോലുള്ള ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം പറയണം.
ഇതെല്ലാം നമ്മുടെ ആഗ്രഹങ്ങളാണെങ്കില്‍ മോഡിഫിക്കേഷന് വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ചില കാര്യങ്ങളുടെ സൂചനയും സര്‍വേയിലുണ്ട്. അനുവദിക്കുന്ന മോഡിഫിക്കേഷന് ഫീസ് ഈടാക്കിയാല്‍ അംഗീകരിക്കുമോയെന്നാണ് ചോദ്യം? ഫീസ് ഇടാക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുന്നതിനേക്കുറിച്ചും അഭിപ്രായം തേടുന്നുണ്ട്. എന്തായാലും ഇന്ന് മുതല്‍ പത്ത് ദിവസമാണ് സര്‍വേയില്‍ പങ്കെടുക്കാനുള്ള സമയം. സര്‍വേയിലെ അഭിപ്രായങ്ങള്‍ പരിശോധിച്ച് ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലെ സമിതി തയാറാക്കുന്ന ശുപാര്‍ശ അനുസരിച്ചിരിക്കും പൂക്കികളും വണ്ടി പ്രേമികളുമൊക്കെ കാത്തിരിക്കുന്ന മോഡിഫിക്കേഷന്റെ ഭാവി.