സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി എറണാകുളം ഫോർഷോർ റോഡിലുള്ള ട്രൈബൽ കോംപ്ലക്സിലും പട്ടികവർഗ്ഗ വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലും മിന്നൽ സന്ദർശനം നടത്തി. സ്ഥാപനങ്ങളുടെ പ്രവർത്തനം നേരിട്ട് മനസിലാക്കുന്നതിന് വേണ്ടിയായിരുന്നു മുന്നറിയിപ്പില്ലാതെയുള്ള സന്ദർശനം. ട്രൈബൽ കോംപ്ലക്സിലെ വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ഹോസ്റ്റലിലെ സൗകര്യങ്ങളും മന്ത്രി നേരിട്ട് വിലയിരുത്തി.

ട്രൈബൽ കോംപ്ലക്സിലെ പിന്നാക്ക വിഭാഗ വികസന വകുപ്പിന്‍റെ പരമ്പരാഗത തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾക്കായുള്ള പ്രദർശന-വിൽപ്പന കേന്ദ്രമായ 'കൈതോലം' ഹെറിറ്റേജ് ഷോപ്പ്, അട്ടപ്പാടി ഫാർമിംഗ് കോർപ്പറേറ്റീവ് സൊസൈറ്റി, ട്രൈബ്സ് ഇന്ത്യ എന്നിവ മന്ത്രി സന്ദർശിച്ചു. വിവിധ തരത്തിലുള്ള ഗോത്രവർഗ്ഗ ഉൽപ്പന്നങ്ങൾ മന്ത്രി നേരിട്ട് കണ്ടുമനസ്സിലാക്കി. കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ച് വിപണി വിപുലീകരിക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ മന്ത്രി, അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. കൂടാതെ, ട്രൈബൽ കോംപ്ലക്സിൽ നിലവിൽ ഒഴിഞ്ഞുകിടക്കുന്ന റൂമുകൾ, സെമിനാർ ഹാൾ, ഡോർമിറ്ററി എന്നിവ ഉപകാരപ്രദമാകുന്ന രീതിയിൽ പരിഷ്കരിക്കുന്നതിനുള്ള സാധ്യതകളും മന്ത്രി ഉദ്യോഗസ്ഥരോട് ആരാഞ്ഞു.

ഫോർഷോർ റോഡിലെ പട്ടികവർഗ്ഗ വികസന വകുപ്പ് വനിതാ ഹോസ്റ്റൽ സന്ദർശിച്ച മന്ത്രി കെ.എ.തുളസി, അവിടെയുള്ള മെസ് ഹാൾ, ഡൈനിംഗ് ഏരിയ, അടുക്കള, സ്റ്റോർ റൂം, ശുദ്ധജല വിതരണ സംവിധാനം, താമസ മുറികൾ തുടങ്ങിയവ വിശദമായി പരിശോധിച്ചു. ഹോസ്റ്റൽ അന്തേവാസികളായ കുട്ടികളുമായി ആശയവിനിമയം നടത്തുകയും അവരുടെ ക്ഷേമവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. കുട്ടികളുടെ പഠനപുരോഗതി നിശ്ചിത ഇടവേളകളിൽ റിപ്പോർട്ട് ചെയ്യാൻ ഹോസ്റ്റൽ വാർഡന് മന്ത്രി നിർദ്ദേശം നൽകി. 

കഴിഞ്ഞ രണ്ട് മാസത്തിനിടെ വിവിധ ജില്ലകളിലെ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്‍റെ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലും, സ്‌കൂളുകളിലും മന്ത്രി കെ .എ.തുളസി മിന്നൽ സന്ദർശനം നടത്തിയിരുന്നു. ഇവിടങ്ങളിലെ വിദ്യാർത്ഥികളുടേയും, ഉദ്യോഗസ്ഥരുടേയും പരാതികൾക്കും ബുദ്ധിമുട്ടുകൾക്കും ഇതിനകം സർക്കാർ പരിഹാരം കണ്ടിട്ടുണ്ട്. മന്ത്രിയോടൊപ്പം പ്രൈവറ്റ് സെക്രട്ടറി ഇര്‍ഷാദ് എം എസ്, പട്ടിക വര്‍ഗ വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ ശ്രീരേഖ, പിന്നാക്കക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ സിദ്ധാര്‍ഥ്. ജി, ഷബ്ന എസ്, ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ മനോജ് എന്നിവരും സന്ദര്‍ശനവേളയില്‍ ഒപ്പം ഉണ്ടായിരുന്നു.

ENGLISH SUMMARY:

Kerala tribal welfare initiatives are highlighted as Minister K.A. Thulasi conducted surprise inspections of tribal complexes and post-matric hostels in Kochi as part of the state government's 100-day action plan. The visits aimed to assess the functioning of institutions and the facilities provided to students, ensuring effective implementation of welfare programs.