• എല്ലാവരും കരുതും പോലെ സ്വകാര്യ യാത്രയില്‍ മുന്നില്‍ പിണറായി വിജയനല്ല. അദേഹം ആകെ 30 തവണ വിദേശയാത്ര നടത്തിയെങ്കിലും അതില്‍ 22 തവണയും ഔദ്യോഗിക ആവശ്യത്തിനായിരുന്നു. നാല് തവണ മാത്രമാണ് സ്വകാര്യയാത്ര. മൂന്ന് തവണ ചികിത്സക്കായും പറന്നു

‘കെ.എം.ഷാജിയും ഒജെ.ജനീഷും ഉള്‍പ്പെടെ മന്ത്രിമാരെല്ലാം വിദേശത്ത് പറന്ന് നടക്കുന്നു. അതും സ്വകാര്യ ആവശ്യത്തിന്, സ്പോണ്‍സേഡ് യാത്ര. ഇതെന്ത് ഭരണം?’ ഇങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇടതുനേതാക്കള്‍ കുറ്റപ്പെടുത്തിയത്. പക്ഷേ ഈ യാത്രകളുടെ പേരില്‍ യുഡിഎഫ് മന്ത്രിമാരെ കുറ്റപ്പെടുത്താന്‍ എല്‍ഡിഎഫിന് ധാര്‍മികമായി അവകാശമുണ്ടോ എന്ന ചോദ്യമുയര്‍ത്തി എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് മന്ത്രിമാര്‍ ഔദ്യോഗികയാത്രയെക്കാള്‍ കൂടുതല്‍ സ്വകാര്യയാത്രകള്‍ നടത്തിയത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ പത്ത് വര്‍ഷത്തിനിടെ നാല് തവണ സ്വകാര്യ ആവശ്യത്തിന് വിദേശത്ത് പോയപ്പോള്‍ റോഷി അഗസ്റ്റിനും പി.പ്രസാദും കെ.ബി.ഗണേഷ് കുമാറും അതിനെക്കാള്‍ കൂടുതല്‍ സ്വകാര്യ വിദേശയാത്രകള്‍ നടത്തി. . 

ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാര്‍ ആകെ 84 തവണയാണ് വിദേശത്തേക്ക് പോയത്. ഇതില്‍ 31 യാത്രയും സ്വകാര്യ ആവശ്യത്തിനാണ്. തുടര്‍ ഭരണമായപ്പോളേക്കും വിദേശയാത്രയുടെ ഹരം കൂടി. 150 തവണ പറന്നു. അതില്‍ 86 തവണയും സര്‍ക്കാരിന്‍റെ ആവശ്യത്തിനല്ല, സ്വന്തം കാര്യത്തിനായിരുന്നു. അതായത് പത്ത് വര്‍ഷംകൊണ്ട് 117 തവണ സ്വന്തം ആവശ്യത്തിന് വിദേശത്ത് കറങ്ങി വന്നവരാണ് ഇടത് സര്‍ക്കാരിലെ മന്ത്രിമാര്‍. 

പലരും പറയും പോലെ സ്വകാര്യ യാത്രയില്‍ മുന്നില്‍ പിണറായി വിജയനല്ല. അദ്ദേഹം  ആകെ 30 തവണ വിദേശയാത്ര നടത്തിയെങ്കിലും അതില്‍ 22 തവണയും ഔദ്യോഗിക യാത്രകളായിരുന്നു. നാല് തവണ മാത്രമാണ് സ്വകാര്യയാത്ര. മൂന്ന് തവണ ചികിത്സയ്ക്കായും പറന്നു. 

രണ്ടാം പിണറായി സര്‍ക്കാരില്‍ സ്വകാര്യ യാത്ര ആഘോഷമാക്കിയത് റോഷി അഗസ്റ്റിനും പി.പ്രസാദും കെ.ബി.ഗണേഷ്കുമാറുമാണ്. റോഷിയുടെ 15 വിദേശയാത്രകളില്‍ പതിനാലും സ്വന്തം കാര്യത്തിനായിരുന്നു. പ്രസാദും ഗണേഷും ആര്‍.ബിന്ദുവും സ്വന്തം കാര്യത്തിന് മാത്രമേ വിദേശത്തേക്ക് പോയിട്ടുള്ളു. മുഹമ്മദ് റിയാസും വീണാ ജോര്‍ജും  ആറ് തവണയും അബ്ദുറഹിമാന്‍ ഒന്‍പതും ജി.ആര്‍.അനില്‍ ഏഴും എം.ബി.രാജേഷ് നാലും തവണ വീതം സ്വകാര്യ ആവശ്യത്തിന് പറന്നു. 

ഒന്നാം സര്‍ക്കാരില്‍ വി.എസ്.സുനില്‍കുമാറായിരുന്നു മുന്നില്‍. പോയ ആറ് യാത്രയും സ്വകാര്യം. കടകംപള്ളി സുരേന്ദ്രന്‍ നാലും കെ.രാജു മൂന്നും ജി.സുധാകരനും  കെ.കെ.ശൈലജും രണ്ട് തവണ വീതവും സ്വന്തം ആവശ്യങ്ങള്‍ക്കായി യാത്ര നടത്തി. സ്വകാര്യ യാത്ര പോകാത്ത ആറുമന്ത്രിമാരുണ്ട് എല്‍ഡിഎഫ് മന്ത്രിസഭയില്‍. വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, ടി.പി.രാമകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് , മേഴ്സിക്കുട്ടിയമ്മ എന്നിവര്‍.

ENGLISH SUMMARY:

Ministers in Kerala's LDF government made 117 private foreign trips over the past decade, according to official records, raising questions about the Left front's criticism of opposition ministers' overseas travel. During the first Pinarayi Vijayan government, ministers made 84 foreign trips, including 31 for private purposes, while the second government recorded 150 trips, of which 86 were private. Kerala Water Resources Minister Roshy Augustine topped the list of private travellers in the second government, with 14 of his 15 foreign trips reportedly made for personal reasons, followed by ministers including P. Prasad and K.B. Ganesh Kumar.