Image Credit: facebook/drsarinofficial

  • 'സിജെപി ഗൂഢാലോചനയാണെന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന് മെല്ലേ വെളിവാകും. പാര്‍ലമെന്‍റില്‍ പോയി ജന്തര്‍ മന്തറില്‍ സമരമിരിക്കാന്‍ അനുവാദം ചോദിക്കുകയാണ്. ആര്‍ക്കുവേണ്ടിയാണ് നാടകം കളിക്കുന്നത്. നാടകത്തില്‍ നമുക്ക് വിശ്വാസമില്ല'- എന്നായിരുന്നു സരിന്‍റെ വാക്കുകള്‍

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ കോക്രോച്ച് ജനതാ പാര്‍ട്ടിയെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് പി.സരിന്‍. മാധ്യമങ്ങളോടായി പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും തന്‍റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വാക്കുപിഴയാണെന്നും സരിന്‍ സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ രാഷ്ട്രീയ പരിപാടിയോടും പ്രത്യയശാസ്ത്രത്തോടും നീതി പുലര്‍ത്തുന്ന പ്രസ്താവനയായില്ലെന്നും സരിന്‍ ഏറ്റുപറയുന്നു. ഇന്ത്യാസഖ്യം നടത്തിയ മാര്‍ച്ചില്‍ സിജെപിയും പങ്കെടുക്കേണ്ടതായിരുന്നുവെന്ന വ്യക്തിപരമായ അഭിപ്രായമായിരുന്നു പറയാന്‍ ഉദ്ദേശിച്ചതെന്നും സരിന്‍ വിശദീകരിക്കുന്നു.നിരുത്തരവാദപരമായ പ്രസ്താവനയിലെ അനൗചിത്യം തിരിച്ചറിയുന്നുവെന്നും തിരുത്തിയവര്‍ക്ക് നന്ദിയെന്നും കുറിപ്പിലുണ്ട്.

സരിന്‍റെ വാക്കുകള്‍ ഇങ്ങനെ: 'ഇന്ന് ഡൽഹിയിലെ സമരമുഖത്ത് നിന്നുകൊണ്ട്‌ ചാനലുകളോട് പ്രതികരിക്കുമ്പോൾ സിജെപിയെ കുറിച്ച് പറഞ്ഞ അഭിപ്രായം എന്റെ പാര്‍ട്ടിയുടേതല്ല എന്നും, അത് എന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വാക്ക് പിഴവാണെന്നും ആദ്യമേ ഏറ്റു പറയട്ടെ. എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. Also Read: 'സിജെപിയെ നമ്പരുത്, ഗൂഢാലോചനയാണ്..'; സിജെപി നാടകം കളിക്കുകയാണെന്ന് പി സരിന്‍

സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി സിജെപിയും ഇന്ന് അവിടെ മാർച്ചിൽ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെച്ചു പോകുക മാത്രമായിരുന്നു ഉദ്ദേശം. 'സിജെപി ആർഎസ്എസിന്റെ  പദ്ധതിയാണ്' എന്ന ആരോപണം ശരിയെന്ന് സ്ഥാപിക്കാൻ കഴിയുന്ന ഒരവസരം സിജെപി ആയിത്തന്നെ ഉണ്ടാക്കി കൊടുക്കരുത് എന്ന് പറയാൻ മാത്രമാണ് ഉദ്ദേശിച്ചത്. എന്നാൽ, ഞാൻ മനസ്സിൽ ഉദ്ദേശിച്ചതല്ല എനിക്ക് കമ്മ്യൂണിക്കേറ്റ്  ചെയ്യാൻ കഴിഞ്ഞത്. അച്ചടക്കമുള്ള ഒരു പാർട്ടി അംഗം എന്ന നിലയിൽ ഇത് എന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് ആണെന് മനസ്സിലാക്കുന്നു. അതിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിക്കുന്നു.

സിജെപി എന്നത് ലോകമാകെ ശ്രദ്ധിക്കുന്ന ഒരു യുവജന പ്രസ്ഥാനമാണ്. അതിനെ പറ്റി തീര്‍ത്തും നിരുത്തരവാദപരമായ നിലയില്‍ ഒരു രാഷ്ട്രീയപ്രസ്താവന നടത്തിയതിലെ അനൗചിത്യം ഈ വൈകിയ വേളയിൽ തിരിച്ചറിയുന്നു. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ  പോരാടുന്ന മുഴുവൻ സമരസഖാക്കൾക്കും അഭിവാദ്യങ്ങൾ. തെറ്റുകൾ ചൂണ്ടിക്കാട്ടിയ എന്റെ പ്രിയ സഖാക്കള്‍ക്ക് നന്ദി. ലാൽസലാം✊🏼'

സിജെപിയെ വിശ്വസിക്കരുതെന്നും ഇത് ഗൂഢാലോചനയാണെന്നുമായിരുന്നു സരിന്‍ ഇന്നലെ മനോരമന്യൂസിനോട് പ്രതികരിച്ചത്. സിജെപി നാടകം കളിക്കുകയാണെന്നും സരിന്‍ ആരോപിച്ചിരുന്നു. പിന്നാലെ വലിയ വിമര്‍ശനമാണ് ഉണ്ടായത്.

ENGLISH SUMMARY:

P. Sarin has expressed regret over his controversial remarks about the Cockroach Janata Party (CJP) amid opposition protests demanding the resignation of Chief Election Commissioner Gyanesh Kumar. In a social media post, Sarin clarified that his comments did not represent his party's position and described them as a serious verbal mistake. He said he had only intended to express his personal view that the CJP should have participated in the INDIA bloc's march against the Sangh Parivar