• സിജെപി (CJP) ഒരു ഗൂഢാലോചനയാണെന്നും ആരും അതിൽ നമ്പി ഇരിക്കരുതെന്നും ഡൽഹിയിലെ ഇന്ത്യാ മുന്നണി പ്രതിഷേധത്തിനിടയിൽ സിപിഎം നേതാവ് പി. സരിൻ തുറന്നടിച്ചു.

കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് പി. സരിന്‍. സിജെപി നമ്പി ഇരിക്കരുതെന്നും ഇത് ഗൂഢാലോചനയാണെന്നും സരിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട രാജ്യ തലസ്ഥാനത്ത് ഇന്ന് ഇന്ത്യ സഖ്യത്തിന്‍റെ മാര്‍ച്ചിനിടെയാണ് സരിന്‍റെ പ്രതികരണം.

Also Read: ഇരമ്പിയെത്തി ഇന്ത്യാസഖ്യം; പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസിന്‍റെ ബലപ്രയോഗം; വന്‍സംഘര്‍ഷം

'സിജെപി ഗൂഢാലോചനയാണെന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന് മെല്ലേ വെളിവാകും. പാര്‍ലമെന്‍റില്‍ പോയി ജന്തര്‍ മന്തറില്‍ സമരമിരിക്കാന്‍ അനുവാദം ചോദിക്കുകയാണ്. ആര്‍ക്കുവേണ്ടിയാണ് നാടകം കളിക്കുന്നത്. നാടകത്തില്‍ നമുക്ക് വിശ്വാസമില്ല.   ഈ രാജ്യത്തിന്‍റെ ഭരണഘടനയെ എങ്ങനെ സംരക്ഷിക്കണമെന്ന് നാളുകളായി രാഷ്ട്രീയം പറയുന്ന, പയറ്റുന്ന മനുഷ്യര്‍ക്ക് അറിയാം' എന്നാണ് സരിന്‍റെ വിമര്‍ശനം.  

ഇന്നലെ വന്നവര്‍ക്ക് (സിജെപി) പുതിയ തലമുറയോട് എന്തൊക്കെയോ പറയന്‍ പറ്റിക്കാണും. ഈ രാജ്യം എങ്ങനെ ഉണ്ടായി എന്നതിന്‍റെ അകകമ്പ് കാണാനായിട്ടില്ല. അവര്‍ക്ക് വേണ്ടത് വേറെ എന്തൊക്കെയാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും സരിന്‍ പറഞ്ഞു. സിജെപി ഇന്ത്യ സഖ്യത്തിന്‍റെ സമരത്തില്‍ പങ്കെടുക്കാത്തതിനെയും സരിന്‍ വിമര്‍ശിച്ചു. സിജെപിക്ക് ഈ സമരത്തിലേക്ക് വരാമായിരുന്നു. എന്തുകൊണ്ട് സമരത്തിന് വന്നില്ല. എന്താണ് പ്രശ്നം. വലിയ ഗൂഡാലോചനയുണ്ടെന്നുമായിരുന്നു സരിന്‍റെ വാക്കുകള്‍.  

'ചെറുപ്പാകാരെ ആകര്‍ഷിക്കാന്‍ കഴിയുന്നത് കൊണ്ടാണ് സിജെപിക്കൊപ്പം ഇടതു വിദ്യാര്‍ഥി സംഘടനകള്‍ സമരം ചെയ്യുന്നതും ഒപ്പം നില്‍ക്കുന്നതും. സമരം ചെയ്യാതിരുന്നാല്‍ അവരെ കാത്തുനില്‍ക്കേണ്ടതില്ല. ഇടതിന് എങ്ങനെ രാജ്യത്തെ സംരക്ഷിക്കണമെന്ന് അറിയാം. ഇന്നലെ ഡല്‍ഹി കത്തിച്ചത് ഇടത് കുട്ടികളാണ്' സരിന്‍ പറഞ്ഞു. 

അതേസമയം, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ത്യാസഖ്യ പ്രതിഷേധ മാര്‍ച്ചിനിടെ വന്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ബലം പ്രയോഗിച്ചു. സുപ്രീം കോടതിയിലേക്ക് ഇരമ്പിയെത്തിയ ഇന്ത്യാസഖ്യം നേതാക്കളെ പൊലീസ് തടഞ്ഞു. ഭഗവാന്‍ ദാസ് റോഡിലാണ് മാര്‍ച്ച് ത‍ടഞ്ഞത്. ഇതോടെ രാഹുലും പ്രിയങ്കയും ട്രക്കിനുമുകളിലെ വേദിയില്‍ കയറി . ബാരിക്കേഡുകള്‍ മറിച്ചിട്ട് പ്രതിഷേധക്കാര്‍ മുന്നോട്ടു നീങ്ങി. മാര്‍ച്ചില്‍നിന്ന് പിന്തിരിയണമെന്ന് ‍ഡല്‍ഹി ഡി.സി.പി രാഹുലിന്റെ അടുത്തെത്തി ആവശ്യമുന്നയിച്ചു. ജനക്കൂട്ടം നിയന്ത്രണാതീതമെന്നും പൊലീസ് അറിയിച്ചു. സുപ്രീംകോടതിക്കുമുന്നില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. കോടതിക്കുമുന്നില്‍ വന്‍സേനാവിന്യാസവും ഉണ്ടായിരുന്നു.

ENGLISH SUMMARY:

CPM leader P. Sarin launched a scathing attack on the Cockroach Janata Party (CJP), calling it a conspiracy and urging people not to trust its motives. Speaking during the India Alliance protest march in New Delhi demanding Chief Election Commissioner Gyanesh Kumar's resignation, Sarin questioned why CJP chose to stay away from the major demonstration. He emphasized that the left forces understand how to protect the nation's constitution without participating in what he termed political dramas. Meanwhile, the capital witnessed intense clashes as police blockaded opposition leaders near the Supreme Court.