നിയമസഭാ തിരഞ്ഞെടുപ്പിനായി നാട്ടിൽ പോയ ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചെത്താൻ വൈകുന്നതോടെ പൈനാപ്പിൾ കർഷകർ പ്രതിസന്ധിയിൽ. പണിക്ക് ആളെ കിട്ടാതായതോടെ തോട്ടങ്ങൾ കാടുകയറുന്ന അവസ്ഥയിലാണ്. വേനൽ മഴ എത്തിയത് നേരിയ ആശ്വാസമാണെങ്കിലും ഉല്പാദനച്ചിലവ് കൂടിയതിന്റെ വിഷമത്തിലാണ് കർഷകർ
പൈനാപ്പിൾ തോട്ടങ്ങളിൽ ഏറ്റവുമധികം പണി നടക്കേണ്ട സമയമാണ് ഏപ്രിൽ മെയ് മാസങ്ങൾ. കള പറിക്കാനും, പുതയിടാനുമൊക്കെയായി കൂടുതൽ പണിക്കാരെ ആവശ്യമുള്ള സമയം. എന്നാൽ ഒരാളെപ്പോലും പണിക്ക് കിട്ടാത്ത അവസ്ഥയിലാണ് കർഷകർ. നിയമസഭാ തിരഞ്ഞെടുപ്പിനായി ഇതര സംസ്ഥാന തൊഴിലാളികൾ നാടുവിട്ടതാണ് പ്രതിസന്ധിക്ക് കാരണം. ഇതിൽ ഭൂരിഭാഗം പേരും ഇനിയും തിരിച്ചെത്തിയിട്ടില്ല. ഇതോടെ തോട്ടങ്ങളുടെ പരിപാലനം പ്രതിസന്ധിയിലായി.
പണിക്കാരെ കിട്ടാത്തതിനൊപ്പം, വേനൽ മഴ വൈകിയതും ഉൽപാദനത്തെ ബാധിച്ചു. കനത്ത ചൂടു മൂലം ഒന്നര മുതൽ 2 കിലോ വരെ തൂക്കം വരേണ്ട ഫലങ്ങൾ ഒരു കിലോയിൽ താഴെയിലേക്ക് ഒതുങ്ങി. ഇതോടെ ഗ്രേഡ് മാറുകയും, വില കുത്തനെ കുറയുകയും ചെയ്തു. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ പൈനാപ്പിൾ കൃഷിയിൽ നിന്ന് പിൻവാങ്ങേണ്ടി വരുമെന്ന ഭീതിയിലാണ് കർഷകർ. സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലും, സബ്സിഡി അടക്കമുള്ള സഹായങ്ങളും വേണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഒപ്പം നാട്ടിൽനിന്ന് പോയ തൊഴിലാളികൾ എത്രയും വേഗം തിരിച്ചെത്തണമെന്ന പ്രാർഥനയും.