മണ്ണിൽ പൊന്ന് വിളയിക്കാൻ മനസ്സ് വെച്ചാൽ തടസ്സങ്ങളൊന്നും പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് കൽപ്പറ്റ ചുഴലിയിലെ ഒരുകൂട്ടം ആദിവാസി ഗോത്ര വിഭാഗക്കാർ. തരിശായി കിടന്ന മൂന്നേക്കർ പാടശേഖരം ഇന്ന് ജൈവപ്പച്ചക്കറികളുടെ പച്ചപ്പണിഞ്ഞ കലവറയാണ്.
വെറുമൊരു പച്ചക്കറിത്തോട്ടമല്ല, കഠിനാധ്വാനത്തിന്‍റെയും അതിജീവനത്തിന്‍റെയും പച്ചപ്പാർന്ന ചരിത്രമാണ്. കൽപ്പറ്റ ചുഴലിയിലെ തരിശുനിലം ഇന്ന് ജൈവസമൃദ്ധിയുടെ വിളഭൂമിയായി മാറി. ഈ പച്ചപ്പിന് പിന്നിൽ ഒരുകൂട്ടം മനുഷ്യരുടെ വിയർപ്പുണ്ട്. രാവിലെ കൂലിപ്പണിക്ക് പോകുന്ന ആദിവാസി ഉന്നതിയിലുള്ളവർ, വൈകുന്നേരങ്ങളിൽ ഒത്തുചേർന്ന് കെട്ടിപ്പടുത്തതാണ് ഈ സ്വപ്നഭൂമി. വന്യമൃഗശല്യം കാരണം ഉടമകൾ ഉപേക്ഷിച്ച മണ്ണായിരുന്നു ഇത്. കൃഷിയോടുള്ള ഇവരുടെ താല്പര്യം കണ്ട് ഭൂവുടമകൾ മണ്ണ് വിട്ടുനൽകി. കൃഷിവകുപ്പിന്‍റെ പിന്തുണയോടെ വിത്തുകൾ പാകി. കാട്ടുപന്നിയെയും കുരങ്ങിനെയും പ്രതിരോധിക്കാൻ രാപ്പകൽ കാവലിരുന്നു. രാസവളങ്ങളില്ലാത്ത, തികച്ചും ജൈവരീതിയിലുള്ള പരിചരണത്തിലൂടെ വിഷരഹിതമായ പച്ചക്കറികൾ ഇവിടെ വിളഞ്ഞു. മണ്ണറിഞ്ഞ അധ്വാനത്തിന് വിണ്ണോളം വിളവ് ലഭിച്ചപ്പോൾ ചുഴലിയിൽ പച്ചപ്പണിഞ്ഞത് ഗോത്രപ്പെരുമയാണ്. ഗുണമേന്മയറിഞ്ഞ് നിരവധി പേരാണ് ഇപ്പോൾ ഈ ജൈവ പച്ചക്കറികൾ തേടിയെത്തുന്നത്.