അതിഥി തൊഴിലാളികളുമായി ഈസ്റ്റർ ആഘോഷിച്ച് കോട്ടയം കഞ്ഞിക്കുഴി ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവ്വ സേവാ സംഘം. ഇടകൊച്ചി സെന്റ് മേരീസ് ദേവാലയത്തിൽ നടന്ന ചടങ്ങുകളിൽ നൂറുകണക്കിന് തൊഴിലാളികളാണ് തങ്ങളുടെ തനത് സംസ്കാരത്തിൽ ഈസ്റ്റർ ആഘോഷിച്ചത്.
തൊഴിലാളികൾക്ക് സുപരിചിതമായ ഹിന്ദിയിലാണ് ആരാധനാ നടന്നത്. ഈസ്റ്റർ ചടങ്ങുകൾക്ക് ശേഷം നടന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് നിറംകൂട്ടി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ തങ്ങളുടെ പരമ്പരാഗത വേഷങ്ങളണിഞ്ഞ് തനത് നൃത്തരൂപങ്ങൾ അവതരിപ്പിച്ചു.
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ വിശ്വാസികളായ എഴുന്നൂറിലധികം തൊഴിലാളികളാണ് ഇടകൊച്ചി സെന്റ് മേരീസ് ദേവാലയത്തിൽ സംഘടിപ്പിച്ച ചടങ്ങുകളിൽ പങ്കെടുത്തത്. ഇടകൊച്ചിക്ക് പുറമെ കോട്ടയം ഭരണങ്ങാനം സെന്റ് മേരീസ് ദേവാലയത്തിലും അതിഥി തൊഴിലാളികൾക്കായി ഈസ്റ്റർ ആരാധന ചടങ്ങ് സംഘടിപ്പിച്ചു.