സ്ഥാനാർഥി നിർണയത്തിൽ പുകഞ്ഞ് എറണാകുളം സിപിഎമ്മിലെ ഒരുവിഭാഗം നേതാക്കൾ. പരിഗണനാപട്ടികയിൽ ഉണ്ടായിരുന്ന പലനേതാക്കളെയും ഏകപക്ഷീയ ഇടപെടലിലൂടെ വെട്ടിനിരത്തി എന്നാണ് ആക്ഷേപം. ചിലരെ ഒഴിവാക്കാൻ ജില്ലയിൽ നിന്നുള്ള മന്ത്രി ബോധപൂർവ്വം ശ്രമിച്ചു എന്നും നേതാക്കൾക്കിടയിൽ വ്യാപക വിമർശനം ഉണ്ട്.
മുൻ മേയർ എം.അനിൽകുമാർ, തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി.ഉദയകുമാർ, ജില്ലാകമ്മിറ്റി അംഗം കെ.എസ്.അരുൺകുമാർ, വൈപ്പിൻ ഏരിയ സെക്രട്ടറി പ്രിജിൽ എന്നിവരൊക്കെ ചർച്ചകളിൽ സജീവം ആയിരുന്നു. എന്നാൽ സ്ഥാനാർഥി നിർണ്ണയം കഴിഞ്ഞപ്പോൾ ഇവർക്കാർക്കും സ്ഥാനാർഥിത്വം ലഭിച്ചില്ല. ഇതിനെതിരെ നേതാക്കൾക്കിടയിൽ അമർഷം പുകയുകയാണ്.
മുൻമേയർ അനിൽ കുമാറിനെ രണ്ടിടത്ത് പരിഗണിച്ചെങ്കിലും അവസാനഘട്ടത്തിൽ അടുപ്പിച്ചില്ല. തൃക്കാക്കരയിൽ എ.ജി.ഉദയകുമാറിനെ സ്ഥാനാർഥി ആക്കണം എന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. എന്നാൽ ഉദയകുമാറിനെ അടുപ്പിച്ചില്ലെന്ന് മാത്രമല്ല, പകരം കോൺഗ്രസ് സഹയാത്രികയും സാമൂഹ്യപ്രവർത്തകയുമായ ഡോ.മേരി അനിതയെ മത്സരിപ്പിക്കാൻ ആണ് മന്ത്രിയുടെ നേതൃത്തത്തിലുള്ള സംഘം ശ്രമിച്ചത്. വ്യാപക എതിർപ്പുയർന്നപ്പോൾ ജില്ലാസെക്രട്ടേറിയേറ്റ് അംഗം പുഷ്പാ ദാസിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു.
ഉദയകുമാറിനെ ഒഴിവാക്കുകയായിരുന്നു ഈ നിക്കത്തിന്റെ ലക്ഷ്യമെന്ന വിമർശനം ഉയർന്നിട്ടുണ്ട്. പരസ്യ പ്രതികരണത്തിന് തയാറാകുന്നില്ലെങ്കിലും സ്ഥാനാർഥിത്വം ലഭിക്കാത്തവർ അസ്വസ്ഥരാണ്. ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് ഉൾപ്പടെ ഇക്കാര്യത്തിൽ നീരസത്തിലാണ്. സ്ഥാനാർഥികളെ തീരുമാനിച്ചതിലുള്ള പ്രത്യോഗ ഇടപെടലും ഏകപക്ഷീയ തീരുമാനങ്ങളും പലവേദികളിലും ജില്ലയിലെ നേതാക്കൾ അനൗദ്യോഗികമായി സൂചിപ്പിക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ജില്ലയിലെ ചിലമണ്ഡലങ്ങളിൽ ഈ കാര്യങ്ങൾ ബാധിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.