Untitled design - 1

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മൗനം തുടരുന്ന മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പാര്‍ട്ടി വേദികളിലെത്തുന്നു. സ്വന്തം തട്ടകമായ കണ്ണൂരില്‍ ഇന്നാണ് ഭരണം നഷ്ടമായ ശേഷമുള്ള പിണറായിയുടെ ആദ്യ പരിപാടികള്‍. മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നടക്കം പിന്തിരിഞ്ഞു നടക്കുന്ന പിണറായി വിജയന്‍ സിപിഎം പരിപാടികളില്‍ എന്തുപറയുന്നുവെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

ജയിച്ചിരുന്നെങ്കില്‍ വീണ്ടും മുഖ്യമന്ത്രിയാകുമായിരുന്ന പിണറായി തോറ്റപ്പോള്‍ വാ തുറന്നതേയില്ല. പിന്നീടും പലകുറി ഇതേനില തുടര്‍ന്നു. മാധ്യമങ്ങള്‍ മൈക്ക് നീട്ടിയതല്ലാതെ പിണറായി ഒന്നും ഉരിയാടിയില്ല. മൗനം തുടര്‍ന്ന പിണറായി വിജയന്‍ ഫേസ്ബുക്കിലായിരുന്നു എന്തെങ്കിലും ഒന്നു മിണ്ടിയത്. അതും തിരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നാം ദിവസം. പ്രതിപക്ഷ നേതാവായി സിപിഎം പിണറായി വിജയനെ തീരുമാനിച്ച ശേഷവും പിണറായി തന്‍റെ സര്‍ക്കാരിനും മുന്നണിക്കും ഏല്‍ക്കേണ്ടി വന്ന തോല്‍വിയെ കുറിച്ച് മിണ്ടാന്‍ തയ്യാറാകാത്തതെന്തെന്ന് ചോദ്യം ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അതിനിടെയാണ് വീണ്ടും സിപിഎം വേദികളിലേക്ക് പി.ബി അംഗം പിണറായി എത്തുന്നത്. 

കണ്ണൂര്‍ നിടിയേങ്ങയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും കല്ല്യാശേരിയില്‍ ഇ.കെ നായനാര്‍ ദിനാചരണചണവുമായി പിണറായിയുടെ ഇന്നത്തെ പരിപാടി. നാളെ മൊയാരം സ്മാരക അവാര്‍ഡ് പരിപാടിയും പി.ജയരാജന്‍റെ പുസ്തക പ്രകാശന പരിപാടിയിലും പിണറായി വിജയന്‍ പങ്കെടുക്കും. വി.ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതി‍ജ്ഞയില്‍ പങ്കെടുത്ത ശേഷം ഇന്നലെ കണ്ണൂരിലെത്തിയ നിയുക്ത പ്രതിപക്ഷ നേതാവിനെ സിപിഎം നേതാക്കള്‍ മുദ്രാവാക്യങ്ങളോടെ സ്വീകരിച്ചു.

ENGLISH SUMMARY:

Pinarayi Vijayan, the former Chief Minister, is returning to party forums after a period of silence following the election defeat. Political Kerala is eagerly awaiting what Pinarayi Vijayan, who has been avoiding media questions, will say at CPM events.