തൃശൂർ താന്ന്യത്ത് 13 വയസുകാരിയെ കഴുത്തിൽ ഷാൾ മുറുകി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. താന്ന്യം സഹോദര വീഥി റോഡിൽ രാകേഷിന്റെ മകൾ ആതിമയാണ് ഇന്നലെ മരിച്ചത് . ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും നാട്ടുകാര്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി തുടക്കത്തിലേ രംഗത്തുവന്നിരുന്നു.
എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച ആതിമ. ഉച്ചയ്ക്ക് സഹോദരന്മാർക്കും സുഹൃത്തുക്കൾക്കുമൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവരോട് വഴക്കിട്ട് മുറിയിൽ കയറി കഴുത്തിൽ ഷാളിട്ട് മുറുക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വിവരമറിഞ്ഞ ബന്ധുക്കള്‍ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 7 മണിയോടുകൂടി മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ് .