വടുതല – പേരണ്ടൂർ പാലം ഒടുവിൽ യാഥാർഥ്യത്തിലേക്ക്. പാലം നിർമാണത്തിനുള്ള പൈലിങ് ജോലികൾ ഇന്ന് രാവിലെ ആരംഭിച്ചു.
കൊച്ചി കോർപറേഷനു കീഴിൽ പേരണ്ടൂർ തോടിന് കുറുകെ നിർമിക്കുന്ന പേരണ്ടൂർ – വടുതല മേൽപ്പാലം യാഥാർത്ഥ്യമാകുന്നു. 34 കോടി ചിലവിൽ നിർമിക്കുന്ന പാലം വരുന്നത്തോടെ പച്ചാളം, വടുതല മേഖലകളെ പേരണ്ടൂരുമായി നേരിട്ട് ബന്ധിപ്പിക്കാൻ സാധിക്കും. 153 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. വാഹനങ്ങൾക്കായി 7 മീറ്റർ വീതിയുള്ള റോഡും ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതമുള്ള നടപ്പാതകളും ഒരുക്കും. പുതുക്കിയ അലൈൻമെന്റ് പ്രകാരം പേരണ്ടൂർ ഭാഗത്ത് 34 സെന്റും വടുതല ഭാഗത്ത് 55 സെന്റും സ്ഥലം പദ്ധതിക്കായി ഏറ്റെടുത്തു.
പാലം യാഥാർത്ഥ്യമാകുന്നതോടെ വടുതല ഭാഗത്തുനിന്നുള്ള യാത്രക്കാർക്ക് നഗരത്തിൽ പ്രവേശിക്കാതെ തന്നെ വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം, കാക്കനാട് ഭാഗങ്ങളിലേക്ക് എത്താൻ സാധിക്കും. നിലവിൽ വടുതലയിൽ നിന്ന് എളമക്കരയിലെത്താൻ കലൂർ വഴി ദീർഘമായി ചുറ്റിത്തിരിഞ്ഞു പോകേണ്ട അവസ്ഥയാണ്. പുതിയ പാലം വന്നാൽ എളമക്കര നിവാസികൾക്കും വടുതല, ഹൈക്കോടതി, വൈപ്പിൻ ഭാഗങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും. പാലം പൂർത്തിയാകുന്നതോടെ നഗരത്തിലെ പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷ.