കൊച്ചിയിൽ പൊലീസുകാരനെ കാർ ഇടിച്ച് തെറിപ്പിച്ച കേസിൽ കാറിൽ ഉണ്ടായിരുന്ന യുവതിയെ പൊലീസ് ചോദ്യം ചെയ്യും. മദ്യലഹരിയിൽ ആയിരുന്നതിനാലാണ് വാഹനം നിർത്താതിരുന്നത് എന്നാണ് പിടിയിലായ പ്രതികളുടെ മൊഴി. കാറിൽ ലഹരിവസ്തുക്കൾ ഉണ്ടായിരുന്നോ എന്നതിൽ വിശദമായ പരിശോധന നടത്താനാണ് പൊലീസിന്‍റെ നീക്കം
ബുധനാഴ്ച്ച പുലർച്ചെ രണ്ടരയോടെ കലൂർ ശാസ്താ റോഡിൽ വച്ച് പൊലീസുകാരനെ കാറടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് യുവതിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത് എന്നാണ് ആദ്യം പുറത്ത് വന്ന വിവരം. ഇവരെ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ കാറിൽ യുവതിയും ഉണ്ടായിരുന്നു എന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള പൊലീസിന്‍റെ നീക്കം. ചോദ്യം ചെയ്തശേഷം മൊഴി പരിശോധിച്ച് പ്രതിയാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
മദ്യലഹരിയിൽ ആയിരുന്നതിനാലാണ് വാഹനം നിർത്താതിരുന്നത് എന്നാണ് പിടിയിലായ രണ്ട് പ്രതികളുടെ മൊഴി. എന്നാൽ ഇത് വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കാറിൽ ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നോ എന്നതിൽ വിശദമായ പരിശോധന നടത്താനാണ് തീരുമാനം. വാഹന പരിശോധന നടക്കുന്നതിനിടെ കടന്നുവന്ന കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോഴാണ് അതിന് തയ്യാറാകാതെ പ്രതികൾ പൊലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചത്. കാറിടിച്ച് റോഡിലേക്ക് വീണ് എറണാകുളം സെൻട്രൽ എ.എസ്.ഐ സന്തോഷിന് പരുക്കേറ്റിരുന്നു.