കേരളത്തിലെ വിദ്യാഭ്യാസ മാതൃകകൾ പഠിക്കാനായി സ്വീഡനിൽ നിന്ന് എത്തിയ അധ്യാപകർക്ക് കൊച്ചിയിൽ സ്വീകരണം. പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കണ്ടറി സ്കൂളിലാണ് സ്വീഡനിൽനിന്നുള്ള സംഘം എത്തിയത്.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ നയങ്ങളും പ്രവർത്തനങ്ങളും അടുത്തറിയാനാണ് സ്വീഡനിൽ നിന്നുള്ള അധ്യാപക സംഘം സംസ്ഥാനത്തെത്തിയത്. പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളുടെ പഠന രീതികളും പ്രവർത്തനാധിഷ്ഠിത വിദ്യാഭ്യാസവും നേരിട്ട് വിലയിരുത്തിയ സ്വീഡിഷ് അധ്യാപകർ കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തെ പ്രശംസിച്ചു.
കുട്ടികളുമായി ആശയവിനിമയം നടത്തിയ സ്വീഡിഷ് അധ്യാപകർ, അവരുടെ സംശയങ്ങൾക്ക് മറുപടി നൽകി. സർക്കാർ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന കേരളത്തിന്റെ വിദ്യാഭ്യാസ പദ്ധതികൾ സ്വീഡിഷ് മാതൃകയിൽ നിന്ന് വ്യത്യസ്തമാണെന്നും, കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ടെന്നും സ്വീഡിഷ് അധ്യാപകർ.
ക്രിയാത്മക പ്രവർത്തനങ്ങളിലൂന്നിയ പഠനരീതികൾ കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിൽ നിർണായകമാണെന്നും സംഘം ചൂണ്ടിക്കാട്ടി. കെ.പി.എസ്.ടി.എ ദേശീയ ഘടകമായ എഐപിടിഎഫിന്റെ നേതൃത്വത്തിലാണ് സംഘം കേരളത്തിലെത്തിയത്.