കൊച്ചിയിൽ അതിമാരക ലഹരിയായ ചൈന വൈറ്റ് ഹെറോയ്നുമായി കുപ്രസിദ്ധ ലഹരിവിൽപ്പനക്കാരൻ കബൂത്തർ ഭായി പിടിയിൽ. 16 ഗ്രാം ചൈന വൈറ്റ് ഹെറോയ്ൻ, ഒരു ഗ്രാം എം.ഡി.എം.എ, 30 ഗ്രാം കഞ്ചാവ് എന്നിവയാണ് എക്സൈസ് ഇയാളിൽ നിന്ന് പിടികൂടിയത്. കോളജ് വിദ്യാർഥികൾ അടക്കമുള്ളവർക്ക് വിൽക്കാനായി കൊണ്ടുവന്നതായിരുന്നു ലഹരി മരുന്ന്. കാക്കനാട് ഭാരത് മാത കോളജിന് സമീപമുള്ള വാടക കെട്ടിടത്തിലാണ് ഇവർ ഉണ്ടായിരുന്നത്.
ലഹരി വിൽപ്പന നടത്തി കിട്ടിയ 2,85,000 രൂപയും, മൂന്ന് സ്മാർട്ട് ഫോണുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു. ആവശ്യക്കരുടെ താമസ സ്ഥലത്ത് ലഹരി നേരിട്ട് ഉത്തരവാദിത്തത്തോടെ എത്തിച്ച് നൽകുന്നതിനാൽ ഉപഭോക്താക്കൾ അസം കരീംഖജ് സ്വദേശി ജഹിദുൾ ഇസ്ലാമിന് നൽകിയ പേരാണ് കബൂത്തർ ഭായ്. ഇയാളുടെ സഹായി റംസാൻ അലിയും പിടിയിലായി. അതിമാരക രാസലഹരിയാണ് എക്സൈസ് പിടിച്ചെടുത്ത ചൈന വൈറ്റ് ഹെറോയ്ൻ. ഇത് 5 ഗ്രാമിലധികം കൈവശം വക്കുന്നത് 10 വർഷത്തെ കഠിനതടവും, ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണ്.