കൊച്ചി ചെല്ലാനത്ത് വാഹന പരിശോധനക്കിടെയുണ്ടായ അപകടത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അപകടത്തിൽപ്പെട്ടവർ. പൊലീസുകാരൻ കയ്യിൽ പിടിച്ച് വലിച്ചതു കൊണ്ടാണ് അപകടമുണ്ടായതെന്നും, പരുക്കേറ്റ പൊലീസുകാരനെ മാത്രമാണ് ജീപ്പിൽ കൊണ്ടുപോയതെന്നും ബൈക്ക് യാത്രികൻ ആരോപിച്ചു. ആരോപണം പൊലീസ് നിഷേധിച്ചു.
ഇന്നലെ പുലർച്ച ചെല്ലാനത്തുണ്ടായ അപകടത്തിൽ കണ്ണമാലി പൊലീസിനെതിരെ ഗുരുതര ആരോപണവുമായാണ് അപകടത്തിൽപ്പെട്ടവർ രംഗത്തെത്തിയത്. അപകടത്തിൽ ബൈക്ക് യാത്രികനായ അനിലിനും, പൊലീസ് ഡ്രൈവറായ ബിജുമോനും പരുക്കേറ്റിരുന്നു. പൊലീസ് കൈ കാണിച്ചപ്പോൾ വാഹനം നിർത്താൻ പോവുകയായിരുന്നുവെന്ന് അപകടത്തിൽപ്പെട്ട രാഹുൽ മനോരമ ന്യൂസിനോട് പറഞ്ഞു. ആ സമയം പൊലീസുകാരൻ പിടിച്ചുവലിച്ചപ്പോഴാണ് അപകടമുണ്ടായത്. പക്ഷെ, പൊലീസുകാരനെ മാത്രമാണ് ജീപ്പിൽ ആശുപത്രിയിൽ കൊണ്ടുപോയതെന്ന് രാഹുൽ ആരോപിച്ചു.
എന്നാൽ ആരോപണങ്ങൾ പൂർണമായി തള്ളുകയാണ് പൊലീസ്. ബൈക്ക് യാത്രികരെ കയ്യിൽ പിടിച്ച് നിർത്താൻ ശ്രമിച്ചിട്ടില്ലെന്ന് കൊച്ചി ഡിസിപി മനോരമ ന്യൂസിനോട് പറഞ്ഞു. പൊലീസുകാരനെ ബൈക്ക് ഇടിച്ചിടുകയായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നു. എന്നാൽ താൻ കൊണ്ടുപോകാമെന്നാണ് ബൈക്കിൽ ഉണ്ടായിരുന്ന രണ്ടാമത്തെ ആൾ പറഞ്ഞത്. അപകടത്തിന് ശേഷം പൊലീസുകാരൻ അബോധാവസ്ഥയിലായിരുന്നുവെന്നും ഡിസിപി പറഞ്ഞു. പരുക്കേറ്റ ബിജുമോനും, അനിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്