broadway

TOPICS COVERED

ക്രിസ്മസിന് വെറും രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ കൊച്ചി ബ്രോഡ് വേയിൽ ക്രിസ്മസ്- പുതുവത്സര കച്ചവടം ഉച്ചസ്ഥായിയിൽ. മുൻ വർഷങ്ങളിലെ പോലെ തന്നെ അലങ്കാര വസ്തുക്കൾക്കാണ് ആവശ്യക്കാർ കൂടുതൽ. ദിവസേന ലക്ഷങ്ങളുടെ കച്ചവടം നടക്കുന്ന കടകളിൽ വൈകുന്നേരങ്ങളിൽ തിരക്ക് നിയന്ത്രണാതീതമാകും. 

രാവിലെ എട്ടര മണി മുതൽ കൊച്ചി ബ്രോഡ് വേയിലെ ക്രിസ്മസ് വിപണി സജീവമാകും. നവംബർ ആദ്യം മുതൽ ക്രിസ്മസ് വിപണിയിലേക്ക് വേണ്ട ഉൽപ്പന്നങ്ങൾ ഓരോ കടകളിലും സ്റ്റോക്ക് എത്തി. കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാം എന്നതാണ് കച്ചവടക്കാരുടെ വാഗ്ദാനം. ബ്രോഡ്വേയാകെ ചുവപ്പ് മയം. 

ക്രിസ്മസ് ട്രീകൾ, പുൽക്കൂടുകൾ, നക്ഷത്രങ്ങൾ, എൽ ഇ ഡി ബൾബുകൾ, ബലൂണുകൾ എന്നു തുടങ്ങി ഇവിടെ കിട്ടാത്തതായി ഒന്നുമില്ല. സ്ഥിരമുള്ള കടകളിലേക്കാൾ കൂടുതൽ കച്ചവടം പൊടിപൊടിക്കുന്നത് അലങ്കാര വസ്തുക്കൾ വിൽക്കുന്ന തട്ടുകളിലാണ്. സാധാരണ ദിവസങ്ങളെക്കാൾ പത്തിരട്ടിയിലധികം ആളുകൾ ബ്രോഡ് വെയിലത്തുന്നുണ്ട്. മേത്തർ ബസാറിൽ നിന്ന് തിരിയാൻ ഇടമില്ല. 

140 രൂപ മുതൽ ക്രിസ്മസ് ട്രീകൾ ലഭിക്കും. ഡാൻസ് കളിക്കുന്ന പാപ്പാഞ്ഞിയാണ് ഇത്തവണത്തെ താരം. 100 രൂപ മുതലാണ് വില.  40 രൂപ മുതൽ ചെറിയ പാക്കറ്റുകളിലായി ക്രിസ്മസ് ട്രീകൾ അലങ്കരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ കിട്ടും. ക്രിസ്മസ് സാന്തായുടെ തൊപ്പികൾക്കും വസ്ത്രങ്ങൾക്കും ആവശ്യക്കാർ ഏറെ. രാത്രി 12 മണിവരെ കച്ചവടം ഉണ്ടാകും. കടകളിലെ ദീപാലങ്കാരം കാണുവാനും ആളുകൾ കൂട്ടമായി എത്തുന്നു.

ENGLISH SUMMARY:

Kochi Broadway Christmas Market is booming with festive sales as Christmas approaches. The market offers a wide array of decorations and gifts at affordable prices, attracting large crowds.