കൊച്ചി കോർപറേഷനിൽ നിലം തൊടാതെ ട്വന്റി20. എല്ലാ ഡിവിഷനിലും മത്സരിക്കുമെന്നായിരുന്നു ആദ്യം സാബു എം. ജേക്കബ് പറഞ്ഞത്. ഒടുവിൽ മത്സരിച്ചത് 76ൽ 56 സീറ്റിലും. പെട്ടി പൊട്ടിച്ചപ്പോൾ പലയിടത്തും സ്വതന്ത്രർക്കും പിന്നിലായിപ്പോയി അവർ. കോർപ്പറേഷനിൽ ഏറ്റവുമധികം പോളിങ് (80.88%) ഉണ്ടായ ഐലൻഡ് നോർത്തിൽ ട്വന്റി20ക്ക് കിട്ടിയത് വെറും അഞ്ചു വോട്ടാണ്. സ്ഥാനാർഥി ഷിജുമോൻ അഗസ്റ്റിൻ. വോട്ടർമാരുടെ എണ്ണം കുറവാണെന്ന് വേണമെങ്കിൽ പറയാം. ഇവിടത്തെ ആകെ വോട്ട് ചെയ്തത് 440 പേർ ആയിരുന്നു.
ഐലൻഡ് സൗത്തിൽ മത്സരിച്ച ട്വന്റി20 സ്ഥാനാർഥി ഹാജിറക്ക് കിട്ടിയത് 10 വോട്ട്! ഇവിടെ 963 പേരാണ് ആകെ വോട്ടു ചെയ്തത്. തീർന്നില്ല, ട്വന്റി20യുടെ 15 സ്ഥാനാർഥികൾക്ക് നൂറിൽ താഴെയാണ് ആകെ കിട്ടിയ വോട്ട്. ചളിക്കവട്ടത്ത് മത്സരിച്ച സുജാതയാണ് കൊച്ചിയിൽ കൂടുതൽ വോട്ടു കിട്ടിയ ട്വന്റി20 സ്ഥാനാർഥി, 483 വോട്ട്. ആകെ ആറു ട്വന്റി20. സ്ഥാനാർഥികൾ മാത്രമേ 300 വോട്ടിൽ കൂടുതൽ നേടിയിട്ടുള്ളു. Also Read: ‘തോല്‍വിക്ക് കാരണം സിപിഎം കാലുവാരിയത്; ഇനി ഇടതിനൊപ്പമോ എന്ന് പറയാനാകില്ല’
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചിയിൽ യുഡിഎഫിനെ വിറപ്പിച്ച വി ഫോർ കൊച്ചി എന്ന സംഘടനയുടെ പ്രകടനത്തിന്റെ അടുത്തെങ്ങുമെത്താൻ ഇത്തവണ ട്വന്റി20ക്ക് സാധിച്ചില്ല. തിരഞ്ഞെടുപ്പിന് നാലുമാസം മുന്‍പ് രൂപീകരിക്കപ്പെട്ട വിഫോർ കൊച്ചി അന്ന് മൂന്ന് ഡിവിഷനുകളിൽ രണ്ടാമതെത്തിയിരുന്നു.
യു.ഡി.എഫിലെ പല പ്രമുഖരുടെയും തോൽവിക്കും അന്ന് വി ഫോർ കൊച്ചി കാരണമായി. 59 ഡിവിഷനുകളിൽ മത്സരിച്ച അവർ ഇരുപത്തിരണ്ടായിരത്തിലേറെ വോട്ട് നേടിയിരുന്നു. അപ്പോഴാണ് ഇത്തവണ ആളും സന്നാഹങ്ങളുമായി എത്തിയ ട്വന്റി20 പതിനായിരം വോട്ടു പോലും തികയ്ക്കാനാവാതെ കിതച്ചു വീണത്.