രണ്ടാംതവണയും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫുട്ബോളർ അഖിൽ ജോസഫ് തിരികെ ജീവിതത്തിലേക്ക്. കൊച്ചി നെട്ടൂർ സ്വദേശിയായ അഖിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ്. ചികിത്സ ചെലവ് കണ്ടെത്താൻ സഹായിച്ച മനോരമ ന്യൂസിനും സുമനസ്സുകൾക്കും നന്ദി പറയുകയാണ് കുടുംബം.
മനോരമ ന്യൂസിലൂടെ അഖിലിന്റെ കണ്ണീർ കണ്ട സുമനസ്സുകൾ കൈകോർത്തത്തോടെ ചികിത്സാ ചെലവ് കണ്ടെത്താനായി. മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ ഡപ്യൂട്ടി പ്രസൺ ഓഫീസർ എ.ആർ. അനീഷിന്റെ വൃക്കയാണ് അഖിലിൽ വെച്ചുപിടിപ്പിച്ചത്. പത്തുമാസം മുൻപ്, മഞ്ഞപ്പിത്തം വൃക്കയെ ബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് വൃക്ക മാറ്റി വെക്കേണ്ടി വന്നത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം അഖിൽ ആരോഗ്യം വീണ്ടെടുക്കുന്നു.
2013ൽ കോളേജ് പഠനകാലത്താണ് ആദ്യമായി വൃക്ക മാറ്റി വെച്ചത്. അന്ന് അമ്മയായിരുന്നു വൃക്ക നൽകിയത്. 14 ആം വയസിൽ കേരള ടീമിൽ ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അഖിൽ പിന്നീട് ഇന്ത്യൻ ടീമിന് വേണ്ടിയും ബൂട്ട് അണിഞ്ഞു. രോഗാവസ്ഥയ്ക്കിടയിലും ഫുട്ബോളിനെ കുറിച്ച് മാത്രമായിരുന്നു അഖിലിന്റെ ചിന്ത. തുടർ ചികിത്സയ്ക്കും വലിയ തുക വേണ്ടിവരും. അത് എങ്ങനെ കണ്ടെത്തും എന്ന ദുഃഖത്തിലാണ് കുടുംബം.