തൃക്കാക്കര നഗരസഭയില്‍ ഡിവൈഎഫ്ഐ നേതാവിനെ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസിന്‍റെ അപ്രതീക്ഷിത നീക്കം. സിപിഎം ബിജെപി ഡീലെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ നേതാവ് എം.എസ്. ശരത്കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍ നഗരസഭ അധ്യക്ഷ അജിത തങ്കപ്പന് സീറ്റ് നല്‍കിയപ്പോള്‍ നിലവിലെ അധ്യക്ഷ രാധാമണിപിള്ളയ്ക്ക് ഇക്കുറി സീറ്റില്ല.
ഒന്‍പത് സീറ്റ് മുസ്ലിം ലീഗിന്. 39 ല്‍ 37 ഇടങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇതില്‍ പാലച്ചുവട് ഡിവിഷനിലാണ് മുന്‍ എസ്എഫ്ഐ ഏരിയാ സെക്രട്ടറിയും, ഡിവൈഎഫ്ഐ വെസ്റ്റ് മേഖല അംഗവുമായ ശരത്കുമാറിനെ മത്സരിപ്പിക്കുന്നത്. ഇടത് മുന്നണിയിലെ അതൃപ്തി മുതലെടുത്തായിരുന്നു കോണ്‍ഗ്രസിന്‍റെ നീക്കം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ശരത് കോണ്‍ഗ്രസ് ഓഫിസിലെത്തി.
കാര്യമായ തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തികരിച്ചുവെന്നാണ് നേതൃത്വത്തിന്‍റെ അവകാശവാദം. നിലവിലെ അധ്യക്ഷ രാധാമണി പിള്ള മത്സരിക്കുമെന്ന് ഇന്നലെ ഡിസിസി ഓഫിസ് അറിയിച്ചെങ്കിലും സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ രാധാമണി പിള്ള പുറത്തായി. ഈ മാറ്റം സ്വാഭാവികമെന്നാണ് നേതൃത്വത്തിന്‍റെ പ്രതികരണം. നഗരസഭയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് ഭരണം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.