കൊച്ചി കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫില്‍ കലാപം. സീറ്റ് നിഷേധിക്കപ്പെട്ട കോണ്‍ഗ്രസിന്‍റെ മുന്‍ ഡെപ്യൂട്ടി മേയര്‍ കെ.ആര്‍. പ്രേംകുമാര്‍ സ്വതന്ത്രനായി മത്സരിക്കും. നേതൃത്വം പണംവാങ്ങി സീറ്റുകള്‍ വിറ്റുവെന്നാരോപിച്ച് വനിത ലീഗ് ജില്ലാ സെക്രട്ടറിയും പാര്‍ട്ടിവിട്ട് മത്സരത്തിനിറങ്ങുകയാണ്.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസിലും ഘടകക്ഷികളിലും അതൃപ്തരുടെ നീണ്ട നിരയാണ്. സീറ്റ് നിഷേധിക്കപ്പെട്ടതോടെ കോണ്‍ഗ്രസിന്‍റെ മുന്‍ കൗണ്‍സിലര്‍മാരടക്കം കലാപക്കൊടി ഉയര്‍ത്തിയിരുന്നു. പലരും സ്വതന്ത്ര സ്ഥാനാര്‍ഥികളാകുമെന്ന് അഭ്യൂഹങ്ങള്‍ക്കിടെയാണ് മുന്‍ ഡെപ്യൂട്ടി മേയര്‍ കെ. ആര്‍. പ്രേംകുമാര്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്. അറുപത്തിയൊന്നാം ഡിവിഷനില്‍ സ്വതന്ത്രനായി മത്സിരിക്കാനാണ് തീരുമാനം. ഇത്തവണ ഈ സീറ്റ് സിഎംപിക്കാണ് നല്‍കിയത്. തന്നെ വെട്ടിയതിന് പിന്നില്‍ കെ. ബാബു എംഎല്‍എയുടെ പണാധിപത്യമെന്നാണ് പ്രേംകുമാറിന്‍റെ ആരോപണം.
കഴിഞ്ഞ തവണ എല്‍ഡിഎഫിനെ പിന്തുണച്ച് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ ടി.കെ. അഷ്റഫിന് സീറ്റ് നല്‍കിയതിനെ ചൊല്ലിയാണ് ലീഗിലെ തര്‍ക്കം. പാര്‍ട്ടിക്ക് ലഭിച്ച മൂന്ന് വനിത സംവരണ സീറ്റുകളില്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരെ സ്ഥാനാര്‍ഥിയാക്കിയെന്ന ആരോപണവും ശക്തമാണ്. ഇതിന് പിന്നാലെയാണ് വനിത നേതാവ് സജി കബീര്‍ പാര്‍ട്ടിവിട്ടത്. രണ്ടാം ഡിവിഷനില്‍ സ്വതന്ത്രയായി മത്സരിക്കും. മുന്നണിയില്‍ അതൃപ്തരുടെ എണ്ണം ഉയരുമ്പോള്‍ എതിര്‍ ചേരിയില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുത്താണ് യുഡിഎഫിന്‍റെ ഒരുക്കം. ട്വന്‍റി ട്വന്‍റിയില്‍ നിന്ന് ആന്‍റണി ജൂഡിയെയാണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിലെത്തിയത്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഹൈബിക്കെതിരെ മത്സരിച്ചയാളാണ് ആന്‍റണി ജൂഡി.