വർക്കല നഗരസഭയിൽ രാഷ്ട്രീയ ബലാബലത്തിൽ മൂന്ന് മുന്നണികളും പ്രതീക്ഷ വെക്കുന്നുണ്ട്. രണ്ട് സീറ്റിന്റെ വ്യത്യാസത്തിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട നഗരസഭാ ഭരണം ഇക്കുറി ഉറപ്പിക്കാൻ ബി.ജെ.പിയും, കരുത്തോടെ ഭരണം നിലനിർത്താൻ സി.പി.എമ്മും, ഏഴിൽ നിന്നും ഉയർന്ന് ഭരണ നേതൃത്വത്തിലെത്തുമെന്ന് യു.ഡി.എഫും പ്രതീക്ഷിക്കുന്നു. വിമതരുടെ സാന്നിധ്യം മൂന്ന് മുന്നണികളുടെ മുന്നേറ്റത്തിന് തടസ്സമാകുമോ എന്ന ആകാംക്ഷയുമുണ്ട്.
ദേശപ്പെരുമയിൽ അലകടലും കടന്ന് മുന്നേറിയ നാട്. രാഷ്ട്രീയ ചരിത്രവും കരുത്തും മാറി മാറി പരീക്ഷിച്ച ഇടം. ഇടതിന് ഏറെ വളക്കൂറുള്ള നഗരമെന്ന പതിവ് പറച്ചിലിൽ നാട്ടിൽ കരുത്തൊട്ടും ചോർന്നിട്ടില്ലെന്ന് എൽ.ഡി.എഫ്. ജനങ്ങൾക്ക് അടിസ്ഥാനപരമായി ചെയ്യേണ്ട സകലതും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഈ വികസനം വോട്ടായി മാറുമെന്നാണ് വിലയിരുത്തൽ. എൽ.ഡി.എഫിന് ഭരണം നിലനിർത്താനാവുമെന്ന് സി.പി.എമ്മിന് വേണ്ടി കെ.എം. ലാജി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വർക്കല നഗരപരിധിയിൽ നേടിയ മുന്നേറ്റം, രണ്ട് സീറ്റിന്റെ നൂൽപ്പാലം കടന്ന് മുന്നേറാമെന്ന് ബി.ജെ.പി നേതൃത്വം കരുതുന്നു. ഓരോ തവണയും അഞ്ച് ശതമാനത്തിലേറെ സീറ്റ് ഉയരുന്നുണ്ട്. ഇത്തവണയും വലിയ വ്യത്യാസം വരും. ബി.ജെ.പിക്ക് ഇരുപതോളം സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബി.ജെ.പി നേതാവ് ആർ. അനിൽകുമാർ വാദിച്ചു.
പ്രതാപം വീണ്ടെടുത്ത് അധികാരം പിടിക്കാനാവുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ചിലയിടങ്ങളിൽ വിമത സ്ഥാനാർഥികളുണ്ട്. അവിടെയും എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികളെ തോൽപ്പിക്കാനുള്ള ശക്തിയുണ്ടെന്ന് കോൺഗ്രസ് നേതാവ് പി.എം. ബഷീർ അവകാശപ്പെട്ടു. നിലവിൽ മുപ്പത്തിമൂന്നംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് 13, ബി.ജെ.പി 11, കോൺഗ്രസ് 6, സ്വതന്ത്രർ 3 എന്നിങ്ങനെ കക്ഷിനില തെളിയുമ്പോൾ എല്ലാം വ്യക്തം. മൂന്ന് മുന്നണികളുടെയും വിജയത്തിന് വിമതരുടെ സാന്നിധ്യം തടയിടുമോ എന്നതും രാഷ്ട്രീയ ചർച്ചയാണ്. വർക്കല നിരവധി സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഇടമാണ്. ശക്തമായ ത്രികോണപ്പോര് നടക്കുന്ന വർക്കലയിൽ ആരെ സ്വീകരിക്കുമെന്നതിലാണ് ആകാംക്ഷ.