kochi-bjp

TOPICS COVERED

തദ്ദേശ തിര‍ഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കൊച്ചിയില്‍ ബിജെപിയെ വലയ്ക്കുന്ന കലാപം അവസാനിപ്പിക്കാന്‍ നേതൃത്വത്തിന്‍റെ അനുരഞ്ജന നീക്കം. വിമതയായി മല്‍സരിക്കാന്‍ ഒരുങ്ങുന്ന മുതിര്‍ന്ന നേതാവും മുന്‍ കൗണ്‍സിലറുമായ ശ്യാമള എസ് പ്രഭുവുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. ചേരിപ്പോര് ശക്തമായ മട്ടാഞ്ചേരി മേഖലയില്‍ അസംതൃപ്തരുമായി ആശയവിനിമയം നടക്കുകയാണ്. 

ബിജെപി ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രയായി മല്‍സരിക്കുമെന്നാണ് തുടര്‍ച്ചയായി 32 വര്‍ഷം ചെറളായി ഡിവിഷനെ പ്രതിനിധീകരിച്ച് കൗണ്‍സ‍ിലറായ ശ്യാമള എസ് പ്രഭു പ്രഖ്യാപിച്ചിരിക്കുന്നത്. തനിക്കെതിരെ നേരത്തെ വിമതനീക്കം നടത്തിയവരെ ഇത്തവണ ഔദ്യോഗിക സ്ഥാനാര്‍ഥികളാക്കാന്‍ നീക്കം നടത്തുന്നു, പാര്‍ട്ടിയില്‍ അവഗണന നേരിടുന്നു എന്നിവയാണ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റായ ശ്യാമളയുടെ പരാതി. 1988 മുതല്‍ ശ്യാമള എസ് പ്രഭുവില്ലാതെ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക കൊച്ചി നഗരസഭാ തിരഞ്ഞെടുപ്പിലുണ്ടായിട്ടില്ല. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ നിര്‍ദേശ പ്രകാരം പി.ആര്‍ ശിവശങ്കരന്‍ അടക്കം നേതാക്കള്‍ ശ്യാമളയെ വീട്ടിലെത്തി കണ്ടു. മട്ടാഞ്ചേരിയില്‍ ചേരിപ്പോര് രൂക്ഷമാണ്. അമരാവതിയിലും ചെറളായിയിലുമാണ് മട്ടാഞ്ചേരി,ഫോര്‍ട്ടുകൊച്ചി മേഖലയില്‍ ബിജെപിക്ക് കൗണ്‍സിലര്‍മാരുള്ളത്. മുതിര്‍ന്ന പ്രവര്‍ത്തകനായ ആര്‍ സതീഷ് ബിജെപി മട്ടാഞ്ചേരി നേതൃത്വത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ചിരുന്നു. 

ENGLISH SUMMARY:

BJP faces internal disputes as the local body elections approach in Kochi. The leaders are trying to reconcile with Shyamala S Prabhu, a senior leader and former councilor, who is preparing to contest as a rebel candidate.