pinaray

ദേശീയപാത ഉദ്ഘാടനത്തെ ചൊല്ലി സര്‍ക്കാര്‍–ബി.ജെ.പി പോര് തുടരുന്നു. മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കണമായിരുന്നെങ്കില്‍ സംസ്ഥാനം പറയണമായിരുന്നൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെ പോലെ മിസ്ഡ് കോളടിച്ച് വന്നതല്ല മുഹമ്മദ് റിയാസെന്ന് മന്ത്രി വി.ശിവന്‍കുട്ടി തിരിച്ചടിച്ചു. എന്നാല്‍, ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.

ദേശീയപാത ഉദ്ഘാടനത്തിലേക്ക് പൊതുമരാമത്ത് മന്ത്രിയെ വിളിക്കാത്തതും സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ചതിനെയും ചൊല്ലിയുള്ള വാദപ്രതിവാദം തുടരുകയാണ്. പ്രധാനമന്ത്രിയുടെ പരിപാടിക്ക് പ്രോട്ടോക്കോള്‍ ഉണ്ടെന്ന് വിശദീകരിച്ച സുരേഷ് ഗോപി സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി സൃഷ്ടിച്ച വിവാദമെന്നും ആരോപിച്ചു.

എന്നാല്‍, റിയാസിനെ മരുമകനെന്ന് പരിഹസിച്ച രാജീവ് ചന്ദ്രശേഖറിനെ നേരെ കടന്നാക്രമണമായിരുന്നു വി.ശിവന്‍കുട്ടിയുടെ മറുപടി. നെറികെട്ട വാക്കുപയോഗിച്ച് രാഷ്ട്രീയം കളിക്കരുതെന്നും പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. മുതലാളിമാരുടെ പട്ടികയില്‍ നിന്ന് ബി.ജെ.പിയിലെത്തിയ രാജീവിന് കൊമ്പുണ്ടോയെന്നും ശിവന്‍കുട്ടി ചോദിച്ചു.

നേതാക്കള്‍ തമ്മില്‍ വാഗ്വാദം തുടരുമ്പോളും മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടേയില്ല. പരിപാടി ബഹിഷ്കരിച്ചതിന്‍റെ കാരണമോ പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതിലെ പ്രതിഷേധമോ മുഖ്യമന്ത്രി വിശദീകരിച്ചിട്ടില്ല. പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമെന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി മൗനം തുടരുന്നത്.

ENGLISH SUMMARY:

The national highway inauguration in Kerala has sparked a political battle between the government and BJP, with ministers exchanging sharp criticisms. The ongoing war of words centers on protocol, invitations, and political affiliations, with the Chief Minister remaining notably silent.