sister-elisha

TOPICS COVERED

കേരള സഭയിലെ ആദ്യ സന്യാസിനി ദൈവദാസി മദർ ഏലീശ്വ നാളെ വാഴ്ത്തപ്പെട്ട പദവിയിലേക്കുയരുന്നതിന്‍റെ സന്തോഷത്തിലാണ് വൈപ്പിശേരി കുടുംബം. കൊച്ചി വൈപ്പിൻ ഓച്ചന്തുരുത്തിലെ വൈപ്പിശേരി കുടുംബത്തിൽ നിന്നാണ് ലോകമറിയുന്ന സന്യാസിനിയിലേക്കുള്ള മദർ ഏലീശ്വയുടെ യാത്ര. നാളെ വൈകീട്ട് വല്ലാർപാടം ബസിലിക്കയിൽ നടക്കുന്ന ചടങ്ങിലാണ് മദർ ഏലിശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുക.

വൈപ്പിൻ ഓച്ചന്തുരുത്തിൽ 1831 ഒക്ടോബർ 15 നാണ് വൈപ്പിശ്ശേരി കുടുംബത്തിൽ തൊമ്മൻ താണ്ട ദമ്പതികളുടെ മകളായി ഏലീശ്വയുടെ ജനനം. പതിനാറാം വയസ്സിൽ വിവാഹിതയായി കൂനമ്മാവിലേക്ക് പോകുന്നത് വരെ ഇവിടെ തന്നെയായിരുന്നു ഏലീശ്വ. അന്നത്തെ വീട് ഇപ്പോഴില്ല. വീടിരുന്ന ഒന്നരയേക്കർ സ്ഥലത്തിന്‍റെ ദൂരിഭാഗവും മറ്റൊരു കുടുംബത്തിന്‍റെ കൈവശമാണ്. എങ്കിലും നാല് തലമുറ മറിഞ്ഞ ബന്ധുക്കൾ വൈപ്പിൻ കുരിശിങ്കൽ ഇടവകയിൽ ഇപ്പോഴുമുണ്ട്. നാളെ മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയരുന്നതിന്‍റെ സന്തോഷത്തിലാണ് ഇവർ.

മദർ എലീശയുടെ വീടിരുന്ന സ്ഥലത്തിനടുത്ത് സി.ടി.സി സന്യാസ സമൂഹം പത്തുവർഷം മുൻപ് മഠം സ്ഥാപിച്ചിരുന്നു. ഏലീശ്വസദനം എന്ന് പേരുള്ള ഇവിടെയുള്ളവരും ഏറെ സന്തോഷത്തിലാണ്. മാർപാപ്പയുടെ പ്രതിനിധി കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസിന്‍റെ മുഖ്യ കാർമികത്വത്തിൽ വല്ലാർപ്പാടം ബസിലിക്കയിൽ അർപ്പിക്കപ്പെടുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് മധ്യേയായിരിക്കും മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിന്‍റെ പ്രഖ്യാപനം. 

ഇന്ത്യയുടെ അപ്പസ്തോലിക പ്രതിനിധി ആർച്ച് ബിഷപ് ലെയോപോൾദോ ജിറെല്ലിയും, രാജ്യത്തിനകത്തും പുറത്തുനിന്നുമായി എത്തുന്ന കർദിനാൾമാരും, മെത്രാൻമാരും, നിരവധി വൈദികരും ചടങ്ങിൽ പങ്കെടുക്കും. കേരള സഭയിലെ ആദ്യ സന്യാസിനിയും, കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ് സന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയുമാണ് ദൈവദാസി മദർ ഏലീശ്വ.

ENGLISH SUMMARY:

Mother Eliswa, Kerala's first nun, will be raised to the blessed status. The Vypissery family is celebrating as Mother Eliswa is set to be beatified at Vallarpadam Basilica.