കൊച്ചിയിൽ സ്പായിലെത്തിയ പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം തട്ടിയക്കേസിൽ പ്രതിയായ എസ്ഐക്ക് സസ്പെൻഷൻ. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ ബൈജുവിനെയാണ് അന്വേഷണം വിധേയമായി സസ്പെൻഡ് ചെയ്തത്. ബൈജുവിന്റെ കൂട്ടാളിയും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയുമായ ഷിഹാമിനെ അറസ്റ്റ് ചെയ്തു.
കേസെടുത്തതിന് പിന്നാലെ എസ്ഐ കെ.കെ. ബൈജു ഒളിവിലാണ്. ബൈജുവിന്‍റെ നേതൃത്വത്തില്‍ സ്പായിലെത്തിയ പലരില്‍ നിന്നും സമാനമായി പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ ബൈജുവിന്‍റെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും ബൈജുവിനെ കണ്ടെത്താനായില്ല. കേസിലെ മറ്റൊരു പ്രതിയായ സ്പായിലെ ജീവനക്കാരി രമ്യയും ഒളിവിലാണ്. കൊച്ചിയിലെ മറ്റൊരു സ്റ്റേഷനിലെ സിപിഒയില്‍ നിന്നാണ് മൂന്നംഗ സംഘം നാലു ലക്ഷം രൂപ തട്ടിയത്. ഇതില്‍ രണ്ട് ലക്ഷം രൂപയും ബൈജു പോക്കറ്റിലാക്കിയെന്ന് പിടിയിലായ കൂട്ടാളി ഷിഹാം മൊഴി നല്‍കി. ആളെ ഭീഷണിപ്പെടുത്തി പണം തട്ടിയതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ ഷിഹാം.
കൊച്ചി സിറ്റി എആർ ക്യാംപിൽ ജോലി ചെയ്യുന്ന മരട് സ്വദേശിയായ പൊലീസുകാരനാണു പണം നഷ്ടമായത്. ഓഗസ്റ്റ് 8ന് വൈകിട്ട് അഞ്ചരയോടെയാണ് ഇയാൾ സ്പായിലെത്തി ബോഡി മസാജ് ചെയ്തത്. പിറ്റേന്നു രാവിലെ പത്തു മണിയോടെ മൂന്നാം പ്രതിയായ രമ്യ പൊലീസുകാരനെ വിളിച്ചു. തന്‍റെ താലിമാല പൊലീസുകാരന്‍ കവര്‍ന്നെന്നും സ്പായിലെത്തിയ വിവരം വീട്ടുകാരെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയായിരുന്നു ഷിഹാമിന്‍റെ ഇടപെടല്‍. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ, താൻ മാല എടുത്തിട്ടില്ലെന്നും പണം നൽകില്ലെന്നും കേസു കൊടുക്കാനും പൊലീസുകാരൻ മറുപടി പറഞ്ഞു . തുടര്‍ന്നായിരുന്നു എസ്ഐയുടെ ഇടപെടല്‍.
ഭീഷണിക്ക് പിന്നാലെ പൊലീസുകാരന്‍ നാല് ലക്ഷം രൂപ സംഘത്തിന് കൈമാറി. പിന്നീടാണ് ഈ വിവരം സ്പെഷ്യല്‍ ബ്രാഞ്ച് വഴി മേലുദ്യോഗസ്ഥര്‍ അറിയുന്നതും കേസെടുത്ത് അന്വേഷണം ആരംഭിച്ചതും. പൊലീസിന് ചേരാത്ത കയ്യിലിരിപ്പ് പതിവാക്കിയ ബൈജുവിനെതിരെ നേരത്തെയും നടപടികളുണ്ടായിട്ടുണ്ട്. അനാശാസ്യ കേന്ദ്രങ്ങളായി മാറിയ കൊച്ചി നഗരത്തിലെ സ്പാകളുടെ നടത്തിപ്പില്‍ പൊലീസുകാര്‍ക്കും പങ്കുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ബൈജുവിനെതിരായ കേസ്. പൊലീസിന്‍റെ റെയ്ഡ് വിവരങ്ങളടക്കം ബൈജു ചോര്‍ത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.