അപകടത്തില്‍പ്പെട്ട് അഞ്ച് വര്‍ഷമായി കോമയില്‍ കിടക്കുന്ന ജീവനക്കാരന് പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ച് കെഎസ്ആര്‍ടിസി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റടക്കമുള്ള രേഖകളുമായി കുടുംബം ഓഫിസുകള്‍ പലതും കയറിയിറങ്ങിയിട്ടും ഉദ്യോഗസ്ഥരുടെ മനസലിഞ്ഞില്ല. തുടര്‍ചികിത്സയ്ക്കും നിത്യചെലവിനും പണംകണ്ടെത്താനാകാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം.
അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോയിലെ സ്ഥിരം ഡ്രൈവറായിരുന്നു നെടുമ്പാശേരി സ്വദേശി എം.കെ. ബിനു. അഞ്ച് വര്‍ഷം മുന്‍പ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബിനുവിന്‍റെ ബൈക്കില്‍ മറ്റൊരു ബൈക്ക് വന്നിടിച്ചായിരുന്നു അപകടം. ഡിവൈഡറില്‍ തലയടിച്ച് വീണ ബിനു അന്ന് മുതല്‍ ഈ കിടപ്പാണ്. ശിഥിലമായിപോയത് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുബം. കുടുംബം പുലര്‍ത്താന്‍ തന്നെ ഗതികെട്ടതോടെ ബിനുവിന്‍റെ പെന്‍ഷന്‍ ആനുകൂല്യങ്ങളെങ്കിലും വാങ്ങാനായി ശ്രമം. അപേക്ഷകള്‍ മാറി മാറി നല്‍കിയതല്ലാതെ സര്‍ക്കാര്‍ കാര്യം മുറപോലെ.
രവിത, ബിനുവിന്‍റെ ഭാര്യ പല സ്ഥലത്ത് പോയി അപേക്ഷ കൊടുത്തു, കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നടക്കം അപേക്ഷ നല്‍കി, എന്നിട്ടും അവര് പറയുന്നത് വേറെ സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ്.
ചികിത്സയ്ക്ക് പതിനഞ്ച് ലക്ഷത്തിലേറെ ചെലവായി. ആദ്യനാളുകളില്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് ചെറിയ സഹായം ലഭിച്ചു പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. ആശ്രിത നിയമനം നല്‍കുകയോ പെന്‍ഷനോ നല്‍കണം എന്നാണ് ബിനുവിന്‍റെ സഹോദരന്‍ ബിജു പറയുന്നത്. കെഎസ്ആര്‍ടിസിയും കയ്യൊഴിഞ്ഞതോടെ സുമനസുകളുടെ സഹായമാണ് കുടുംബത്തിന്‍റെ ആശ്രയം.