നിര്‍ധന രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കംകുറിച്ച് മുന്‍ കേന്ദ്രമന്ത്രിയും ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയുമായ കെ.വി.തോമസ്. അന്തരിച്ച ഭാര്യ ഷേര്‍ളി തോമസിന്‍റെ സ്മരണാര്‍ഥമാണ് ആശ്വാസകിരണമെന്ന പദ്ധതി നടപ്പാക്കുന്നത്. കൊച്ചി കുമ്പളങ്ങിയില്‍ വച്ച് നടന്ന ഷേര്‍ളി തോമസ് അനുസ്മരണ ചടങ്ങില്‍ പദ്ധതിക്ക് തുടക്കമായി.
നീണ്ട അന്‍പതിനാല് വര്‍ഷത്തെ ദാമ്പത്യം... കെ.വി. തോമസിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ച താഴ്ച്ചകളില്‍ നിഴലായി ഷേര്‍ളി തോമസെന്ന പേരെന്നും നിറഞ്ഞുനിന്നിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഷേര്‍ളി നല്‍കിയ മനോധൈര്യമാണ് തന്നെ പിടിച്ചുനിര്‍ത്തിയിരുന്നത് എന്ന് ഒരുമടിയും കൂടാതെ തോമസ് മാഷ് തന്നെ പലകുറി ആവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റില്‍ വൃക്ക രോഗം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു ഷേര്‍ളി തോമസിന്‍റെ അന്ത്യം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഷേര്‍ളിയുടെ സ്മരണാര്‍ഥം എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ആശ്വാസകിരണമെന്ന പദ്ധതി ആരംഭിക്കാന്‍ കുടുംബം തീരുമാനിച്ചത്. ഷേര്‍ളി തോമസിന്‍റെ ഒന്നാം ചരമ വാര്‍ഷിക ദിനമായിരുന്ന ഇന്നലെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പദ്ധതിയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. നിര്‍ധന രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കെ. വി. തോമസ് വിദ്യാധനം ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ കൊച്ചി ലൂര്‍ദ് ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഷേര്‍ളി തോമസിന്‍റെ ഓര്‍മകളെ ആധാരമാക്കി കെ.വി.തോമസ് എഴുതിയ പുസ്തകം പ്രിയസഖി ഷേര്‍ളിയും ചടങ്ങില്‍ പ്രകാശനം ചെയ്തു.