തുറന്ന ഡബിൾ ഡെക്കർ ബസ്സിലൂടെയുള്ള നഗരയാത്ര ഇനി കൊച്ചിയിലും. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ രാത്രികാല നഗര സർവീസ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് അഞ്ചുമണി മുതൽ 8. 30 വരെയാണ് സർവീസ്.
തിരുവനന്തപുരത്തിനും മൂന്നാറിനും പിന്നാലെയാണ് ഡബിൾ ഡെക്കർ ബസ് കൊച്ചിയിലേക്ക് എത്തുന്നത്. ഉദ്ഘാടനം കഴിഞ്ഞ്, എറണാകുളം ജെട്ടി കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്ന് ആദ്യ യാത്ര. ഹൈക്കോട്ട് ജംഗ്ഷനിലൂടെ എംജി റോഡ് ചുറ്റി ബസ് സ്റ്റാൻഡിൽ വന്നു നിന്നു.
സ്റ്റാൻഡിൽ നിന്ന് ബസ് ഇറക്കിയപ്പോൾ അല്പം ടെൻഷൻ ഉണ്ടായിരുന്നുവെങ്കിലും, പിന്നെ കൂളായെന്ന് ഡബിൾ ഡെക്കറിന്റെ സാരഥി. മുകൾ നിലയിലെ യാത്രയ്ക്ക് 300 രൂപയും താഴെ 150 രൂപയുമാണ് നിരക്ക്. 63 പേർക്ക് യാത്ര ചെയ്യാം. ഓൺലൈനായി ആണ് ടിക്കറ്റ് എടുക്കേണ്ടത്. ബസ്സിന്റെ മുൻഭാഗത്ത് സേവ് ദ ഡേറ്റ് പോലുള്ളവയ്ക്ക് പ്രത്യേക ഇടം സജ്ജീകരിച്ചിട്ടുണ്ട്. അടുത്തഘട്ടത്തിൽ ഫോർട്ട് കൊച്ചിയിലേക്ക് യാത്ര നീട്ടിയേക്കാം.