കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് എന്തുകൊണ്ട് തറപറ്റി? ഉത്തരം സിപിംളാണ്. പ്രാദേശിക വികസനത്തിന്‍റെ പ്രതിരോധക്കോട്ട തകര്‍ക്കുന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരം. യുഡിഎഫിന് ചരിത്ര വിജയം നേടിക്കൊടുക്കാന്‍ നേരിട്ട് ഇലക്ഷന്‍ എന്‍ജിനിയറിങ് നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പൊളിറ്റിക്കല്‍ ക്യാപിറ്റല്‍ ഉയര്‍ത്തുന്നതായി കൊച്ചിയുടെ വിധി.
മേയറുടെ പ്രതിച്ഛായ. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ്. ജനകീയ ഹോട്ടല്‍ തുടങ്ങി ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള എല്‍ഡിഎഫിന്‍റെ പ്രചാരണത്തിന് കൊച്ചിക്കാര്‍ ചെവികൊടുത്തില്ല. സംസ്ഥാനത്താകെയുണ്ടായ ഭരണവിരുദ്ധ വികാരത്തിനൊപ്പം വിധിയെഴുതിയ വോട്ടര്‍മാര്‍ കോര്‍പ്പറേഷന്‍റെ ക്ഷേമ പദ്ധതികള്‍ കണക്കിലെടുത്തില്ല. ശബരില സ്വര്‍ണക്കൊള്ള അടക്കം സംസ്ഥാന വിഷയങ്ങളാണ് കോണ്‍ഗ്രസ് താഴേത്തട്ടില്‍ കൃത്യമായി ചര്‍ച്ചയാക്കിയത്. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം കാര്യമായി പ്രതിഫലിച്ചില്ല. വോട്ടുചേര്‍ക്കുന്നതില്‍ അടക്കം ഒരുക്കങ്ങളില്‍ കോണ്‍ഗ്രസ് ഇതുവരെയില്ലാത്ത പ്രഫഷണലിസം പുലര്‍ത്തി. റിബല്‍ ഭീഷണി യുഡിഎഫ് അതിജീവിച്ചു. 13 റിബലുകളില്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്.
പള്ളുരുത്തി മേഖലയില്‍ മാത്രമാണ് എല്‍ഡിഎഫ് പിടിച്ചു നിന്നത്. കൊച്ചിയുടെ കിഴക്കന്‍ – മധ്യമേഖലകളില്‍ യുഡിഎഫ് ആധിപത്യം പുലര്‍ത്തി. ന്യൂനപക്ഷ വോട്ടുകളും യുഡിഎഫിനൊപ്പം നിന്നു. പാര്‍ട്ടി വോട്ടുകള്‍കൊണ്ടുമാത്രം ജയിക്കാവുന്ന 24 ഡിവിഷനുകള്‍ സിപിഎമ്മിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നെങ്കിലും കൈപ്പത്തിതരംഗത്തില്‍ ഒലിച്ചുപോയി. ഗാന്ധിനഗറും വടുതല ഈസ്റ്റും അടക്കം ചെങ്കോട്ടകളും തകര്‍ന്നു. ഇഞ്ചോടിഞ്ച് പോരാട്ടമെന്ന തോന്നലുണ്ടായിരുന്നെങ്കിലും അടിയൊഴുക്ക് ശക്തമായിരുന്നു. എല്‍ഡിഎഫിന് തൊട്ടതെല്ലാം പിഴച്ചു. രണ്ട് മേയര്‍ സ്ഥാനാര്‍ഥികള്‍ അടക്കം പരാജയപ്പെട്ടു. ട്വന്‍റി–20 56 ഡിവിഷനുകളില്‍ മല്‍സരിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചില്ല.