കോണ്‍ഗ്രസ് ക്യാംപ് കണക്കുകൂട്ടിയതിലും വലിയ വിജയം നേടിയ കൊച്ചി കോര്‍പ്പറേഷന്‍റെ മേയര്‍ക്കായുള്ള ചര്‍ച്ചകളും അവകാശവാദങ്ങളും സജീവമാണ്. പേരുകള്‍ പലതുണ്ടെങ്കിലും ഒന്ന് ഉറപ്പ്. ഇത്തവണ വനിതയാകും കൊച്ചിയെ നയിക്കുക. നേതൃത്വത്തിന്‍റെ ബലാബലവും സാമുദായിക താല്‍പര്യങ്ങളും പരിഗണിച്ചാകും തീരുമാനം. മുസ്‍ലിം ലീഗിന് ഡെപ്യൂട്ടി മേയര്‍ പദവി നല്‍കില്ല. 1979 മുതല്‍ 2010 വരെ 31 വര്‍ഷം കൊച്ചി കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിനായിരുന്നു. 2010ല്‍ ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് അധികാരം പിടിച്ചു. 2015ല്‍ യുഡിഎഫ് അധികാരം നിലനിര്‍ത്തി. 2020ല്‍ എല്‍ഡിഎഫിന്‍റ ഊഴം.

2010ല്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും അതിനെയും കടത്തിവെട്ടുന്ന ചരിത്ര വിജയമാണ് കോണ്‍ഗ്രസ് ഇത്തവണ നേടിയത്. ആര് മേയറാകുമെന്ന തര്‍ക്കം നീണ്ടതോടെ എന്നാല്‍ പിന്നെ അധികാരം ആര്‍ക്കുവേണ്ടെന്ന നിലപാട് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നു. ഇത്തവണയും പേരുകള്‍ പലതും സാധ്യത പട്ടികയിലുണ്ട്. ഫലംവന്നതിന് പിന്നാലെ മേയര്‍ പദവിക്കായി അവകാശവാദങ്ങളും ഉയര്‍ന്നുകഴിഞ്ഞു. സ്റ്റേഡിയം ഡിവിഷനില്‍ നിന്ന് വിജയിച്ച കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന് പാര്‍ട്ടിയിലെ സീനിയോരിറ്റി തുണയാകും. കെ.സി വേണുഗോപാല്‍ വിഭാഗത്തോടാണ് ദീപ്തിക്ക് ആഭിമുഖ്യം. തര്‍ക്കം മുറുകിയാല്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ സുപ്രധാനമാകും.

പാലാരിവട്ടം ഡിവിഷനില്‍ നിന്ന് വിജയിച്ച വി.കെ മിനിമോള്‍ക്ക് ഭരണപരിചയമുണ്ട്. പൊതുമരാമത്ത്, ഭക്ഷ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയായിരുന്നു. പാര്‍ട്ടിയില്‍ വി.ഡി സതീശന്‍ പക്ഷത്തിനൊപ്പമാണ്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വിജയിച്ച ഷൈനി മാത്യു എ ഗ്രൂപ്പിനൊപ്പമാണ്. ഡൊമനിക്ക് പ്രസന്‍റേഷന്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ട്. 2015ല്‍ രണ്ടരവര്‍ഷത്തെ ടേം ഷൈനി മാത്യുവിന് നല്‍കാമെന്ന വ്യവസ്ഥയുണ്ടായിരുന്നതായി അവകാശവാദമുണ്ടായിരുന്നു. പുതുക്കലവട്ടത്തു നിന്ന് വിജയിച്ച സീന ഗോകുലന്‍റെ പേരും പരിഗണനയിലുണ്ട്. ഡെപ്യൂട്ടി മേയര്‍ സ്ഥാനവും കോണ്‍ഗ്രസ് തന്നെ കൈവശം വയ്ക്കും. എം.ജി അരിസ്റ്റോട്ടില്‍, പി.ഡി മാര്‍ട്ടിന്‍, ആന്‍റണി പൈനുംതറ, കെ.വി.പി കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് സാധ്യതയുണ്ട്. മേയര്‍ ന്യൂനപക്ഷവിഭാഗത്തില്‍ നിന്നായാല്‍ ഡപ്യൂട്ടി മേയറെ നിശ്ചയിക്കുമ്പോള്‍ സാമുദായിക സന്തുലനം പരിഗണിക്കും.

ENGLISH SUMMARY:

Kochi Mayor Election results are out, and discussions are underway. The focus keyword highlights the competition between candidates for the mayoral position in Kochi, with a woman expected to lead this time.