ഫോർട്ടുകൊച്ചി റോ-റോ ജെട്ടിയിൽ കാത്തിരിപ്പുകേന്ദ്രം നിർമിക്കണമെന്ന നിർദേശത്തെ എതിർത്ത കൊച്ചി കോർപറേഷന് തിരിച്ചടി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ കോർപറേഷന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സേവനങ്ങൾക്കായി പണം നൽകുന്ന യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഫോർട്ടുകൊച്ചി റോ-റോ ജെട്ടിയിൽ 50 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന താൽക്കാലിക കാത്തിരിപ്പുകേന്ദ്രം ഒരാഴ്ചയ്ക്കുള്ളിൽ നിർമ്മിക്കാനായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ നിർദേശം. തട്ടിക്കൂട്ടി കാത്തിരിപ്പ് കേന്ദ്രം നിർമിച്ചെങ്കിലും ഉത്തരവിനെതിരെ കോർപ്പറേഷൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഈ അപ്പീലാണ് ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമ്മാധികാരിയും, വി.എം.ശ്യാം കുമാറും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
താൽക്കാലിക കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കുന്നത് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നും, വിവിധ അനുമതികൾ ഇല്ലാതെ ഇത് നടപ്പിലാക്കാൻ കഴിയില്ലെന്നും കോർപ്പറേഷന് വാദിച്ചു. ഈ വാദം തള്ളിയ കോടതി സേവനങ്ങൾക്കായി പണം നൽകുന്ന യാത്രക്കാർക്ക് അതിനനുസരിച്ചുള്ള സൗകര്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്ന് വ്യക്തമാക്കി. റോ-റോ ജെട്ടി നടത്തുന്ന കോർപ്പറേഷന്, യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാനുള്ള കടമയുണ്ട്. ഇത് നിഷേധിക്കാൻ കഴിയില്ല. സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവിൽ ഇടപെടാൻ കാരണമൊന്നുമില്ലെന്നും കോടതി വ്യക്തമാക്കി.
റോ-റോ ഫെറി ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം വളരെ കുറവാണെന്നും, സമീപത്ത് മറ്റൊരു പാസഞ്ചർ ബോട്ട് സർവീസും വാട്ടർ മെട്രോ ടെർമിനലും നിലവിലുണ്ടെന്നും നിർമ്മാണം ജെട്ടിയുടെ സൗന്ദര്യത്തെ ബാധിക്കുമെന്നും കോർപ്പറേഷൻ അറിയിച്ചിരുന്നു. അതേസമയം, താൽക്കാലിക കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് പകരം സ്ഥിരം സംവിധാനം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.