നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ നടന്‍ ദിലീപിന് പങ്കില്ലെന്ന് വിചാരണക്കോടതി. ഈ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ദിലീപിനെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസ് വെറുതെവിട്ടു. സ്വന്തം വിവാഹജീവിതം തകര്‍ന്നതിന് കാരണം ആക്രമിക്കപ്പെട്ട നടിയാണെന്ന് കരുതി അവരോട് വൈരാഗ്യം തീര്‍ക്കാന്‍ മുഖ്യപ്രതികളെ കൂട്ടുപിടിച്ച് ദിലീപ് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ആക്രമണം എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് കോടതി തള്ളിയതോടെ വര്‍ഷങ്ങള്‍ക്കുശേഷം ദിലീപ് ആശ്വാസത്തോടെ കോടതി വിട്ടു.
9 വര്‍ഷത്തെ നിയമയുദ്ധത്തില്‍ തനിക്ക് നന്ദിപറഞ്ഞാണ് ദിലീപ് കോടതിക്ക് പുറത്ത് നടത്തിയ ആദ്യപ്രതികരണം അവസാനിപ്പിച്ചത്. ‘എന്‍റെ കൂടെനിന്ന കുടുംബാംഗങ്ങളോടും എന്‍റെ സുഹൃത്തുക്കളോടും അവരുടെ കുടുംബങ്ങളോടും ആത്മാര്‍ഥമായി നന്ദി പറയുന്നു. എനിക്കറിയാത്ത എന്നെ കണ്ടിട്ടുപോലുമില്ലാത്ത ഒരുപാട് ആളുകള്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ട്. അവര്‍ക്കൊക്കെ നന്ദി.’
‘ഈ നിയമയുദ്ധത്തില്‍ 9 വര്‍ഷത്തോളം എന്നെ ഡിഫന്‍ഡ് ചെയ്ത രാമന്‍പിള്ള വക്കീലിനോട് ഞാന്‍ എന്‍റെ ജീവിതത്തിലുടനീളം കടപ്പെട്ടിരിക്കും. അതുപോലെ അദ്ദേഹത്തോടൊപ്പമുള്ള അഡ്വക്കേറ്റ് സുജേഷ് മേനോന്‍, കോളജില്‍ എന്‍റെ സീനിയറായിരുന്ന ഫിലിപ് ടി.വര്‍ഗീസ്, അദ്ദേഹത്തിന്‍റെ അസോസിയേറ്റ്സ്, ശുഭ, നിത്യ തുടങ്ങിയ മറ്റ് ജൂനിയേഴ്സ്, സുപ്രീംകോടതിയിലെ മുകുള്‍ റോഹത്ഗി, പ്രഗ്യ, വംശി തുടങ്ങി എല്ലാവരോടും ഞാന്‍ ആത്മാര്‍ഥമായി നന്ദി പറയുന്നു. അതുപോലെ എന്നെ സപ്പോര്‍ട്ട് ചെയ്ത് 9 വര്‍ഷക്കാലം ജീവിപ്പിച്ച ഒരുപാടാളുകള്‍ ഉണ്ട്. അവരുടെ പേരുകള്‍ എടുത്ത് പറഞ്ഞാല്‍ തീരില്ല. അവര്‍ വിവിധ മേഖലകളിലുള്ളവരാണ്. അവരോടെല്ലാം നന്ദി. ഒരുപാട് ഒരുപാട് സന്തോഷം.’
‘ഗൂഢാലോചന എനിക്കെതിരെ’: നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്ന് വിധിക്കുശേഷം ദിലീപ് ആരോപിച്ചു. (നടിയെ ആക്രമിച്ചതിന്‍റെ പിറ്റേന്ന്) മഞ്ജു വാരിയര്‍ ‘ക്രിമിനല്‍ ഗൂഢാലോചന’ എന്ന് പറഞ്ഞിടത്താണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ് പറഞ്ഞു.
‘അന്നത്തെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയും അവര്‍ തിരഞ്ഞെടുത്ത ഒരു സംഘം ക്രിമിനല്‍ പൊലീസുകാരും ചേര്‍ന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്. അതിനായി ഈ കേസിലെ മുഖ്യപ്രതിയെയും ജയിലില്‍ ഉണ്ടായിരുന്ന അയാളുടെ കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഈ പൊലീസ് സംഘം ഒരു കള്ളക്കഥ മെനഞ്ഞെടുക്കുകയാണ് ചെയ്തത്. ചില മാധ്യമങ്ങളെയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ചില മാധ്യമപ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് പൊലീസ് സംഘം ഈ കള്ളക്കഥ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ കേസില്‍ യഥാര്‍ഥ ഗൂഢാലോചന എന്നെ പ്രതിയാക്കാനാണ്. സമൂഹത്തില്‍ എന്‍റെ കരിയറും ജീവിതവും എല്ലാം നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്'- ദിലീപ് കൂട്ടിച്ചേര്‍ത്തു.