edappally-flyover

എറണാകുളം  ഇടപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നിര്‍മിക്കുന്ന മിനി ഫ്ലൈ ഓവറുകളുടെ പണി വേഗത്തിലാക്കി ദേശീയപാത അതോറിറ്റി. ഒബ്റോണ്‍ മാളിന് സമീപം നിര്‍മിക്കുന്ന ഫ്ലൈ ഓവറിന്‍റെ പൈലിങ് ആരംഭിച്ചു. അടുത്ത വര്‍ഷം  മാര്‍ച്ചില്‍ പണി പൂര്‍ത്തീകരിക്കാനാണ് ശ്രമം.

ഇടപ്പള്ളി ഒബ്റോണ്‍ മാളിന് സമീപവും ലുലു കോര്‍പ്പറേറ്റ് ഓഫിസിന് മുന്‍പിലുമാണ് മിനി ഫ്ലൈ ഓവറുകള്‍ നിര്‍മിക്കുന്നത്. മൂത്തകുന്നം  ഇടപ്പള്ളി ദേശീയപാതയുടെ നിര്‍മാണ കരാറിന്‍റെ ഭാഗമായാണ് ഫ്ലൈ ഓവറുകളുടെ നിര്‍മാണം.  ലുലു കോര്‍പ്പറേറ്റ് ഓഫിസിന് മുന്‍പില്‍ നിര്‍മിക്കുന്ന ഫ്ലൈ ഓവറിന്‍റെ  ആദ്യ ഘട്ടം ഇതിനോടകം തന്നെ  പൂര്‍ത്തിയായി. മേല്‍പ്പാലത്തിന്  650 മീറ്ററാണ് നീളം. 

ഒബ്റോണ്‍ മാളിന് സമീപം നിര്‍മിക്കുന്ന മിനി ഫ്ലൈ ഓവറിന്‍റെ പൈലിങ് ഇന്നലെ മുതല്‍ ആരംഭിച്ചു.  മേല്‍പ്പാലത്തിന് താഴെയുള്ള 50 മീറ്റര്‍  അണ്ടര്‍പ്പാസായി ഉപയോഗിക്കും. ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് നീക്കം.  മൂത്തകുന്നം – ഇടപ്പള്ളി ദേശീയപാത ഉദ്ഘാടനത്തോടൊപ്പം ഗതാഗത ക്രമീകരണവും നടപ്പിലാക്കാനാണ് ദേശീയപാത അതോറിറ്റിയുടെ  തീരുമാനം. 

ENGLISH SUMMARY:

To ease the traffic congestion at Edappally Junction in Ernakulam, the National Highways Authority has accelerated the construction of mini flyovers. Piling work has begun near the Oberon Mall for one of the flyovers. The authorities aim to complete the construction by March next year.